ഒരു സുഹൃത്തുമായുള്ള ചർച്ചക്കിടയിൽ പെട്ടെന്ന് പറയാൻ സാധിക്കാതെ വന്ന, എന്നാൽ വിശദീകരണം അർഹിക്കുന്ന ഒരു വിഷയം എഴുതാം.. രണ്ട് തരം പാതകളിൽ സഞ്ചരിക്കുന്നവരെക്കുറിച്ചായിരുന്നു ചർച്ച.. രണ്ടു തരം പാതകൾ എന്നത് എന്റെ സുഹൃത്തിന്റെ ഭാഷയിൽ സുഗ്രാഹ്യമായ ഒന്നായിരുന്നുവെങ്കിലും മനസ്സിൽ തെളിഞ്ഞ ഒരു വസ്തുത ആദ്യം പങ്കുവെച്ചു കൊള്ളട്ടെ..
ആദ്യത്തെ പാതയിൽ സഞ്ചരിക്കുന്ന കൂട്ടർ ജന്മനാ ഗുരുക്കന്മാരാണ്.. അവർക്ക് ഒന്നും നേടാനില്ല, നഷ്ടപ്പെടാനുമില്ല.. ദേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ അസ്തിത്വം അനശ്വരമാണ്.. എന്നാൽ പല ജന്മങ്ങളായി ആർജിച്ച ഗുണകർമഫലങ്ങൾ കൊണ്ടാണവർ അപ്രകാരമായിക്കാണുക എന്ന വസ്തുത തള്ളിക്കളയാനാവില്ല.. അത്തരത്തിലുള്ള ഒരു ഗുരുവിനെ കിട്ടുന്ന ശിഷ്യന്മാർ ഭാഗ്യവാന്മാർ എന്ന് ഞാൻ പറയും.. കാരണം, അവർ തിരഞ്ഞെടുക്കപ്പെട്ടവരാണ്..
അതേ സമയം രണ്ടാമത്തെ കൂട്ടർ ഈ ജന്മത്തിൽ തങ്ങളുടെ കർമപാതയിലൂടെ വിധിയാംവണ്ണം സഞ്ചരിക്കുകയും അതിന്റെ അവസാനത്തോട് അടുക്കാൻ സാധിച്ചവരോ അവസാനമെത്തിയവരോ ആയിരിക്കും.. അവരിൽ ഗുരു എന്ന പ്രകാശം ജ്വലിച്ചു തുടങ്ങുന്ന സമയമായിരിക്കും.. അവിടെ അവർക്ക് കടക്കാൻ കടമ്പകൾ ഏറെയുണ്ട്.. ഒരു തിരി കത്തിച്ചാൽ എപ്രകാരം അതിനെ പാലിക്കേണ്ടതുണ്ടോ, അതവർ ചെയ്യേണ്ടതുണ്ട്.. അവിടെ ചിലപ്പോൾ സാന്നിധ്യമറിയിക്കേണ്ടതായി വരും, ചിലപ്പോൾ അദൃശ്യമാകുവാനായി മൂടുപടം അണിയേണ്ടി വരും.. എന്നാൽ തങ്ങളെ വിശ്വസിച്ചു കൂടെ വന്ന ഒരു കൂട്ടം ശിഷ്യന്മാർക്ക് വിദ്യ കൊടുക്കുന്നതിനിടയിലായിരിക്കും ഒരുപക്ഷെ അവരുടെയും പഠനം.. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അവരും മേൽപ്പറഞ്ഞ ഗണത്തിലേക്ക് ഉയർത്തപ്പെടേണ്ടവരാകാം..
അതായത് എല്ലാ ആത്മാക്കളുടെയും ആത്യന്തിക ലക്‌ഷ്യം ഒന്നാണെന്നിരിക്കെ, ഓരോ ജന്മവും ഉയർച്ചയിലേക്കുള്ള പടവുകൾ കയറുന്ന ദേഹിയുടെ പ്രയാണത്തെ ഒരു ജന്മം കൊണ്ട് മാത്രം വിലയിരുത്തുക എങ്ങനെ സാധ്യമാകും ?? അപ്പോൾ ഇവിടെ ഉത്തമരെന്നോ മധ്യമരെന്നോ ഇല്ലെന്ന് കരുതുകയാവും അഭികാമ്യം, ഒരു സാധാരണ പ്രാണിയിൽ നിന്നുപോലും ഗുരുതത്വം ഗ്രഹിക്കുന്ന ഭാരതസംസ്കാരത്തിൽ വിശേഷിച്ചും..
ഇനി അദൃശ്യമാകുക എന്ന വാക്കിൽ തട്ടി മുറിഞ്ഞുപോയ ചില ആശയങ്ങൾ പുനഃസ്ഥാപിക്കാൻ ഞാൻ ശ്രമിക്കുകയാണ്.. അദൃശ്യത ഐച്ഛികമാണെന്നു ഞാൻ പറയും.. ഒപ്പം തന്നെ സൂക്ഷ്മമായ അദൃശ്യത എന്നും സ്ഥൂലമായ അദൃശ്യത എന്നും ഇതിനെ ഞാൻ രണ്ടായി തിരിക്കുകയാണ്..
1. അതിൽ സ്ഥൂലമായ അദൃശ്യത ഒരു സിദ്ധി ആകാം, അതായത് വിചാരിച്ചിരിക്കവേ അപ്രത്യക്ഷമാകാനുള്ള സിദ്ധി.. ആർക്കൊക്കെ പ്രത്യക്ഷമാകണം എന്നും ആർക്കൊക്കെ അപ്രത്യക്ഷമാകണം എന്നും തിരഞ്ഞെടുക്കേണ്ടത് സിദ്ധി കൈവശമുള്ളയാൾ തന്നെയാകുന്നു..
2. സ്ഥൂലമായ അദൃശ്യത ആവശ്യമായി വരുന്ന മറ്റൊരിടം സാഹചര്യങ്ങളാണ്.. ഗുരു പറഞ്ഞ ഒരു വാചകം ഇവിടെ ഓർത്തുപോകുന്നു – “ഞാൻ നിന്റെ കൂടെ സഞ്ചരിക്കുന്നത് നീ വിദ്യ പൂർണമായും സ്വായത്തമാക്കുന്ന കാലം വരേയ്ക്കും മാത്രമാണ്.. ആ കാലഘട്ടത്തിൽ അച്ഛനായും അമ്മയായും അധ്യാപകനായും സഹോദരനായും സുഹൃത്തായുമൊക്കെ കൂടെ നിന്നാലും നിന്നെ പറഞ്ഞുവിടേണ്ട സമയമാകുമ്പോൾ തള്ളക്കിളി കുഞ്ഞിനെ കൊത്തിയകറ്റുന്നപോലെ നിന്നെ കൊത്തിയകറ്റുക തന്നെ ചെയ്തിരിക്കും..”
3. ഇനി സൂക്ഷ്മമായ അദൃശ്യത എന്നതിന് കുറേക്കൂടി വിശാലമായ അർത്ഥം കൽപ്പിക്കാൻ സാധിക്കും.. ദേഹവിയോഗം ചെയ്താലും സ്വസാന്നിദ്ധ്യം അറിയിക്കാൻ സാധിക്കുന്ന മഹത്തുക്കളുണ്ട്.. എന്നാൽ ആ സാന്നിദ്ധ്യം നിലനിർത്തണോ വേണ്ടയോ എന്നത് സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനിക്കപ്പെടുന്നതുമാണ്..
അതായത് ഈ മൂന്നിടത്തും “അദൃശ്യത” എന്നത് ഐച്ഛികമാണ്.. സൃഷ്ടിയുടെ, ചരാചരങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചു തീരുമാനിക്കപ്പെടുന്ന ഒന്ന്.. (ഉത്തമഗണത്തിൽ പെട്ട, ദൈവതുല്യരായ, ജീവിച്ചിരിക്കുന്നവരോ മൺമറഞ്ഞവരോ ആയ മഹത്തുക്കളെ മാത്രം ഉദ്ധരിച്ചാണ് എൻ്റെ മനസിലുള്ളത് ഞാൻ പറയുന്നത് എന്ന് ഓർമപ്പെടുത്തിക്കൊള്ളുന്നു..)
അപ്പോൾ അദൃശ്യതയുടെ അനിവാര്യത എന്തെന്ന് ചോദിക്കുമ്പോൾ ഉത്തരം ഒന്നുമാത്രം.. സൃഷ്ടിയുടെ സുതാര്യമായ നിലനില്പിനുള്ള ആവശ്യങ്ങൾ.. കർമങ്ങളൊടുങ്ങിയാലും സൃഷ്ടിയുടെ നിലനില്പിനായി വീണ്ടും വീണ്ടും ജന്മമെടുക്കുന്ന ദേഹികൾ.. അതൊരു ഒഴുക്കാണ്.. സംഭവാമി യുഗേ യുഗേ എന്ന് ഭഗവാൻ ഗീതയിൽ പറഞ്ഞപോലുള്ളൊരു ഒഴുക്ക് മാത്രം.. ?