അർദ്ധനാരീശ്വരൻ

അർദ്ധനാരീശ്വരൻ

ഞാൻ നിനക്ക് ആരാണെന്നു ചോദിക്കുമ്പോൾ അറിയില്ലെന്നുത്തരം ലഭിക്കുന്ന പ്രണയം.. നിനക്കെന്നെ ഇഷ്ടമാണോ എന്ന് ചോദിക്കുമ്പോൾ അറിയില്ലെന്നുത്തരം പറയുന്ന പ്രണയം.. ഇന്നും ആ പ്രണയം ഇടമുറിയാതെ എൻറെ സിരകളിലോടുന്നു.. ആ പ്രണയത്തോടു ഞാൻ പറയുന്നു..

എന്റെ പ്രണയമേ.. നീ ശിവനാവുക.. ഈ ലോകത്തിൽ ജീവിക്കുമ്പോഴും കർമം ചെയ്യുമ്പോഴും നീ ശിവനെപോലെ വൈരാഗി ആവുക.. പക്ഷെ ഒന്ന് നീ ഓർക്കുക.. സതിയുടെ ശിവൻ പ്രണയത്തിൻറെ വിശുദ്ധിയും ഉമയുടെ ശിവൻ ഉത്തമ ഗൃഹസ്ഥനും ആയിരുന്നു.. എന്നിരുന്നാലും അവൻ യോഗി ആയിരുന്നു.. സന്യാസിയായിരുന്നു.. അവൻ ഭഗവാനായിരുന്നു.. അതേ സമയം ഉത്തമ ഭക്തനുമായിരുന്നു..

എന്റെ പ്രണയമേ.. എനിക്കായി നീ പുനർജനിക്കുമ്പോഴെല്ലാം നീ എന്റെ ശിവനാകുക… ഞാനെടുക്കുന്ന ഓരോ ജന്മങ്ങളിലും നീ എന്റേതാവുക.. ഓരോ തവണയും വീണ്ടും വീണ്ടും എന്നെ വരിക്കുക.. നാമിരുവരുടെയും യുഗാന്തരങ്ങളോളമുള്ള തപസ്സിനൊടുവിൽ ഓരോ തവണയും നിന്റെ ശരീരത്തിന്റെ പാതിയായി നീയെന്നെ ചേർക്കുക..

എങ്കിലും എന്റെ പ്രണയമേ… നീ വൈരാഗിയായിരിക്കുക.. നിന്റെ മൃഗചര്മമാണെന്റെ പീഠം.. നിന്റെ കപാലമാലയാണെന്റെ ആഭരണം.. നീയണിഞ്ഞ ചുടലഭസ്മഗന്ധമാണെന്റെ സുഗന്ധം.. നിന്റെ ശ്മശാനമാണെൻറെ രാജമന്ദിരം.. നിന്റെ രൗദ്രതയാണെൻ്റെ സൗന്ദര്യം..ഇനിയും നിന്നിൽ അവശേഷിക്കുന്ന ഒരേയൊരു ചോദ്യത്തിനുള്ള ഒരേയൊരുത്തരം..

നീ എന്റെ ശിവനാവുക.. കാരണം ഞാൻ ശിവയാണ് !!
???

വാൽക്കഷ്ണം :
അപ്പൊ പറഞ്ഞു വന്നത് ഇത്രേള്ളൂ.. ന്റെ കെട്ട്യോനെ.. ബിരിയാണി വേണംന്ന് നിക്ക് യാതൊരു നിർബന്ധൂല്ല്യാ.. മ്മടെ പറമ്പില് നീ അധ്വാനിച്ചുണ്ടാക്കിയ സാധനങ്ങൾ കൊണ്ടൊരു ചോറും കറിയും കഴിക്കണതന്നെയാ ന്റെ സന്തോഷം.. അതിപ്പോ ജന്മം എത്രയെടുത്താലും ഞാനുണ്ടാക്കിത്തരണ ചോറും കറീം പോലെയാവൂല്ലല്ലോ ഒറ്റക്ക് വെച്ചുണ്ടാക്കി കഴിക്കണത്.. ????
അതോണ്ട് ഇനി ജനിക്കുമ്പോ ഈയുള്ളോളെ തന്നെ കൂടെ കൂട്ടിക്കോട്ടാ.. കാരണം പ്രണയം ഇത്തിരി അസ്ഥിക്ക് പിടിച്ചതാണേയ്.. അതിനെ ഒന്നൂടിയൊന്ന് പോളിഷ് ചെയ്തു പറഞ്ഞൂന്നേയുള്ളു.. ??

(ഫോട്ടം ഒരു വറൈറ്റി അർദ്ധനാരീശ്വരൻ.. വിക്കിപീഡിയേന്ന് അടിച്ചുമാറ്റീത്)