സൂഫിസം

സൂഫിസം

സൂഫിസം എന്നത് ഒരുകാലത്ത് അറിയാൻ താല്പര്യമുള്ള വിഷയങ്ങളിൽ ഒന്നായിരുന്നു.. അതിനെ കുറിച്ചു കൂടുതലറിയാൻ ആഗ്രഹിക്കുമ്പോൾ ദാ അനാർക്കലി സിനിമയിലെ നായികാകഥാപാത്രം സൂഫി സെന്ററിൽ.. അതോടെ അജ്മീറിൽ പോകാൻ ഉള്ള ആഗ്രഹം മനസ്സിൽ സ്ഥലം പിടിച്ചു.. പിന്നീട് സൂഫി പറഞ്ഞ കഥ എന്ന സിനിമ തേടിപ്പിടിച്ചു കണ്ടെങ്കിലും അതിൽ നിന്നൊന്നും കിട്ടിയില്ല..

തുടർന്നു ഖലീൽ ജിബ്രാന്റെ പുസ്തകങ്ങൾ ഒന്നുരണ്ടെണ്ണം വാങ്ങി, പക്ഷെ എന്തുകൊണ്ടോ വായന നടന്നില്ല.. അതിനു ശേഷം ഏകദേശം രണ്ടു വർഷക്കാലം കഴിഞ്ഞപ്പോൾ ദാ ടിയാൻ സിനിമയിൽ പൃഥ്വിരാജ് കമ്പിളിയും പുതച്ചു വരുന്നു.. സൂഫി മാനറിസം വീണ്ടും മനസ്സിൽ എരിഞ്ഞുതുടങ്ങി.. അജ്മീറിൽ പോകണം എന്ന ആഗ്രഹം ശക്തമായി.. ശ്രീ എം നടത്തിയ പ്രഭാഷണത്തിന്റെ ഓഡിയോ സിഡി വാങ്ങി കേട്ടുനോക്കി എങ്കിലും അതിൽ സൂഫി പരമ്പരകളെക്കുറിച്ചും രീതികളെക്കുറിച്ചും ഒക്കെയാണ് കൂടുതലായി പ്രതിപാദിച്ചു കണ്ടത്.

അതിനു ശേഷമാണു സൂഫിസം എന്നതിന്റെ പൊരുൾ എന്തെന്ന് ഓഷോയുടെ വാക്കുകളിലൂടെ ഞാനറിയുന്നത്.. ഇത്ര സുന്ദരമായി ആ ചിന്താധാരയെ മറ്റാരെങ്കിലും വിവരിച്ചിട്ടുണ്ടോ എന്ന് പോലും എനിക്കറിയില്ല.. മറ്റാർക്കും വിശദീകരിക്കാൻ കഴിയാത്ത കമ്പിളിയുടെ തത്വത്തെ ഓഷോ വിവരിച്ചത് മാത്രം മതി സൂഫിസത്തിന്റെ കാതൽ അതിൻ്റെ പൂർണ്ണതയിൽ മനസിലാക്കുവാൻ..

അവസാനമായി വായിച്ചത് മൻസൂർ അൽ ഹല്ലാജ് എന്ന സൂഫി വര്യനെ കുറിച്ച് അനർഘനിമിഷം എന്ന ചെറുകഥാസമാഹാരത്തിൽ ബഷീർ എഴുതിയ വരികളാണ് (പക്ഷെ അത് എഴുതിയ ബഷീർ പോലും അൻ അൽ ഹഖ് എന്നത് തന്റെ വിശ്വാസപ്രമാണങ്ങൾക്ക് എതിരാണെന്ന് ചൊല്ലി അടിക്കുറിപ്പെഴുതിയെന്നത് മറ്റൊരു തമാശ).. അൻ അൽ ഹഖ് – ഞാൻ സത്യമാകുന്നു – അഹം ബ്രഹ്മാസ്മി – എന്ന് നിർഭയമായി വിളിച്ചു പറഞ്ഞതിന് യൂഫ്രട്ടീസ് നദീതീരത്തു കുരിശിലേറ്റപ്പെട്ട ഒരു ബുദ്ധൻറെ കഥ.. മൻസൂറിന്റെ അംഗങ്ങളോരോന്നായി ഛേദിച്ചു ഒടുവിൽ ചിതകൂട്ടി കത്തിച്ച ചാരം പുഴയിലൊഴുക്കവേ, ശാന്തയായി ഒഴുകിക്കൊണ്ടിരുന്ന യൂഫ്രട്ടീസ് ഒരു ഭ്രാന്തിയെപ്പോലെ കലങ്ങിച്ചുവന്നു അതിഭീകരമായ തിരമാലകളുയർത്തി അൻ അൽ ഹഖ് എന്നു പാടിയ ചരിത്രം വീണ്ടും വീണ്ടും മനസ്സിൽ അലയടിച്ചുകൊണ്ടേയിരുന്നു..

അതെ, സത്യം എന്നും മതങ്ങൾക്കതീതമാണ്.. അത് വിളിച്ചുപറഞ്ഞവരെല്ലാം തന്നെ തനതു കാലഘട്ടത്തിലെ നിയമങ്ങൾക്കു മുന്നിൽ കുരിശിലേറ്റപ്പെട്ടവരുമാണ്.. അപ്രകാരം ആരും ക്രൂശിക്കപ്പെടാത്ത ഒരു നാടുണ്ടെങ്കിൽ അത് നമ്മുടെ ഭാരതഭൂമി മാത്രം.. ക്രിസ്തുപോലും ഉയിർത്തെഴുന്നേൽപ്പിനു മുമ്പും പിൻപും വളരെക്കാലം ഈ ഭൂമിയിൽ ജീവിച്ചെന്നു വ്യക്തിപരമായി ഞാൻ വിശ്വസിക്കുന്നു .. ഇവിടെ ബുദ്ധനും മഹാവീരനും ശങ്കരനും ചാർവാകനും ജൈമിനിയുമെല്ലാം ഒരുപോലെ നിലനിന്നിട്ടുണ്ടെങ്കിൽ അതുതന്നെയാണീ ഭൂമിയുടെ മഹത്വവും..

ഇനി സൂഫികൾ ഉപയോഗിക്കുന്ന കമ്പിളിയെക്കുറിച്ച് ഓഷോ പറഞ്ഞത് ഇപ്രകാരമാണ് – “മനുഷ്യൻ മൃഗമായി പരിണമിക്കുന്നതിനെ സൂചിപ്പിക്കുകയാണ് സൂഫിയുടെ കമ്പിളി.. ഒരു സൂഫി ഒരു മൃഗത്തെപ്പോലെ നിഷ്കളങ്കനായിരിക്കണം.. അവൻ ആദിമ നിഷ്കളങ്കതയിലേക്കുയർത്തപ്പെടണം.. സകല പരിഷ്കാരങ്ങളും സകല സംസ്കാരങ്ങളും സകല വ്യവസ്ഥിതികളും സകല തത്വങ്ങളും സകല ധാരണകളും അവനിൽ നിന്നകലേണ്ടതുണ്ട്.. മനുഷ്യനിൽ നിന്ന് മൃഗത്തിലേക്കുള്ള അവന്റെ ആ പരിണാമം ഒരിക്കലും താഴ്ചയിലേക്കല്ല, മറിച്ച് ഉയർച്ചയിലേക്കുള്ളതാണ്.. മനുഷ്യൻ മൃഗത്തിലേക്കുയരുമ്പോൾ അവൻ ദിവ്യനാകുന്നു.. അവബോധത്തിലിരിക്കുമ്പോഴും അവന്റെ ബോധം വ്യവസ്ഥിതികളാൽ ചുറ്റപ്പെടുന്നില്ല. മനസ്സിലൊന്നുമില്ലാതെ, മനസ്സുപോലുമില്ലാതെ, ശരിയെന്നോ തെറ്റെന്നോ സുഖമെന്നോ ദുഃഖമെന്നോ ഉള്ള രാഗദോഷങ്ങളൊന്നും ചെയ്യാതെ അവൻ ആ കമ്പിളിക്കുള്ളിൽ ഒരു മൃഗത്തെപ്പോലെ നിഷ്കളങ്കനായിരിക്കുന്നു..”

ഇതിലും സുന്ദരമായ വ്യാഖ്യാനത്തിലപ്പുറമൊന്നും തന്നെ വേണ്ട ആ പരമമായ തത്വത്തെ മനസ്സിലാക്കുവാൻ.. അങ്ങനെയുള്ള പരിണാമത്തിനു വിധേയമായവൻ പൂർണ സ്നേഹമാകുന്നു.. അതെ, മനുഷ്യന്റെ ശുദ്ധമായ അവബോധത്തോടൊപ്പം മൃഗതുല്യമായ നിഷ്കളങ്കത കൂടി ചേരുമ്പോൾ ഒരുവൻ അൻ അൽ ഹഖ് എന്നുറക്കെ വിളിച്ചു പറയാനുള്ള യോഗ്യത നേടുന്നു.. അവനോടൊപ്പം സർവ്വപ്രപഞ്ചവും അതേറ്റുപാടുന്നു.. !!

അൻ അൽ ഹഖ്.. !! അൻ അൽ ഹഖ്.. !! അൻ അൽ ഹഖ്.. !!

=======================

പോസ്റ്റ് എഴുതി തീർത്തപ്പോൾ പാഥേയമൂട്ടിയ ഗുരുക്കന്മാരുടെ വചനങ്ങൾ പലതും ഓർത്തെടുക്കുന്നു.. പ്രകൃതിയടക്കമുള്ള എല്ലാ ഗുരുക്കന്മാർക്കും വിനീത പ്രണാമം.. വന്ദേ ഗുരു പരമ്പരാം.. ?