കാപ്പിപുരാണം

ന്തായാലും ആദ്യായിട്ട് ഇന്ന് യശ്വന്തപൂർ എക്സ്പ്രസ്സ് നേരത്തെ എത്തിയ സ്ഥിതിക്ക് “12 മണിക്കൂറായി എനിക്ക് വല്ലതും തന്നിട്ട്” എന്ന വയറിൻറെ അഭ്യർത്ഥനയെ മാനിച്ചുകൊണ്ട് ദക്ഷിൺ ഗ്രാൻഡിൽ നിന്നൊരു ഉപ്പുമാവും തട്ടി നേരെ വീട്ടിലേക്കു വെച്ച് പിടിക്കുമ്പോ ഒരു കാപ്പി കൂടി കുടിച്ചാ കൊള്ളാമെന്നൊരു തോന്നൽ ഉണ്ടായിരുന്നു.. പക്ഷെ മെട്രോയിലെ തെരക്കാലോയ്ച്ചപ്പോ എവടേം നിക്കാതെ നേരെ വിട്ടു.. വീട്ടിലെത്തിക്കഴിഞ്ഞു ഇത്രേം നേരം മടി പിടിച്ചു സോഫേമ്മല് കുത്തിയിരുപ്പു ധ്യാനം കഴിഞ്ഞു നട്ടുച്ചക്കാണ് പല്ലുതേക്കാനും കുളിക്കാനുമുള്ള ശരീരാവബോധം ഉണരുന്നത്.. ഉച്ചക്ക് കുളിക്കുന്നോരെ കണ്ടാ കുളിക്കണംന്നാ പണ്ട് അമ്മമ്മ പറഞ്ഞുകേട്ടിട്ടുള്ളത്.. ഉച്ചക്ക് കുളിക്കാൻ തന്നെ പാടുപെടുമ്പഴാ ഇനി ഉച്ചക്കുളിക്കാരെ കണ്ടാ കുളിക്കണത്..

എന്തൊക്കെ പറഞ്ഞാലും മുകളിൽ പറഞ്ഞതിന് നേർവിപരീതമായി വേനൽക്കാലത്തു കിണറ്റിന്നു വെള്ളം കോരി നാല് വട്ടം തലയിലൊഴിക്കാറുള്ള ബാല്യം ഇന്നും മങ്ങാതെ ഓർമയിലുണ്ട്.. ധനുമാസത്തിലെ തിരുവാതിരക്ക് ആർദ്രാദർശനത്തിനു പോണമെന്നും പറഞ്ഞു പുലർച്ചത്തെ ഉറക്കത്തിൽ നിന്നും കുത്തിയെണീപ്പിച്ചു അമ്മമ്മ മുറ്റത്തെ കുളത്തിൽ കൊണ്ടോയി നിർദാക്ഷിണ്യം മുക്കുമ്പോ മുട്ടിയ ശ്വാസം മുട്ടലൊക്കെ ഇന്ന് കുളിരുള്ള ബാല്യകാലസ്മരണകൾ.. ഒറ്റ മുങ്ങലിൽ തന്നെ കുളിയും കഴിച്ചു സ്ത്രീജനങ്ങളെല്ലാം കുളത്തീന്നു കേറിയാലും ആകെ നനഞ്ഞാ കുളിരില്ലാന്നുള്ള അമ്മമ്മടെ ഉറപ്പിൻറെ ബലത്തിൽ ഞാൻ മാത്രം കാണും ഒത്ത നടുവിൽ നീന്തിത്തുടിച്ചു കളിക്കുന്നു..

അന്നൊക്കെ കുളത്തീന്ന് കേറ്റി നനഞ്ഞ തോർത്തോണ്ട് തല തോർത്തിക്കുമ്പോ ഒരു ഉണങ്ങിയ തോർത്തു തന്നാലെന്താ എന്ന് ചിന്തിച്ചിട്ടുണ്ട്.. അങ്ങനെ ഈറനോടെ അമ്പലത്തിൽ പോയി കിടുകിടാ വിറച്ചു നിക്കണ കാലത്തു ശിവനോട് പ്രണയം തോന്നിതൊടങ്ങീട്ടില്യ.. അതോണ്ട് തന്നെ ആകെയുള്ള സമാധാനം എല്ലാ കലാപരിപാടിം കഴിഞ്ഞു വന്നാൽ ആദ്യം കിട്ടണ തണുത്ത തരിപ്പുള്ള ഇളനീർവെള്ളവും അതിൻറെ വെണ്ണപോലത്തെ കാമ്പും ആയിരുന്നു.. പുലർച്ചത്തെ ഉറക്കം നഷ്ടപ്പെട്ട സങ്കടത്തിൽ അങ്ങനെ ഒന്ന് മയങ്ങി വരുമ്പോ ആവും സ്ത്രീജനങ്ങളും പെങ്കുട്ട്യോളും ചേർന്ന് കൂവപ്പായസം ഇളക്കാനുള്ള വിളി വരുന്നത്.. വിഷുക്കണി കാണാൻപോണ പോലെ കണ്ണും പൂട്ടി അടുക്കളേൽ പോയി ഒരു ഓട്ടുചട്ടുകം കൊണ്ട് പായസം ഇളക്കി വീണ്ടും യഥാസ്ഥാനത്ത് പോയിക്കിടന്ന് എൻറെ മയക്കം പൂർത്തിയാകുമ്പഴേക്കും തയ്യാറായിട്ടുണ്ടാവും നേന്ത്രപഴം നാലായി നുറുക്കി എനിക്കായി ശർക്കര ജാസ്തിയിട്ടുണ്ടാക്കിയ അമ്മമ്മടെ കൂവപ്പായസം..

എന്തൊക്കെ പറഞ്ഞാലും കാപ്പി ആയിരുന്നു പണ്ടേ മ്മടെ വീക്‌നെസ്സ്.. കട്ടങ്കാപ്പിയാണെങ്കിൽ കടുപ്പം കുറച്ച്, പാൽക്കാപ്പിയാണെങ്കിൽ കടുപ്പം കൂട്ടി മധുരം കൂട്ടി അങ്ങനെ എല്ലാത്തിനും കണക്കുണ്ടായിരുന്നു.. അതിനൊക്കെ ഒപ്പിച്ചു കാപ്പിയുണ്ടാക്കിത്തരാൻ അമ്മമ്മയും.. ഞാൻ മാത്രേ ആ വീട്ടിൽ കട്ടങ്കാപ്പി കുടിച്ചിരുന്നുള്ളു എന്നാണ് എൻറെ ഓർമ.. നല്ല സുഗന്ധമുള്ള അരിപ്പൊടി കൊണ്ടുണ്ടാക്കുന്ന മണിമണി ജാസ്തിയുള്ള പുട്ടിൽ പഞ്ചസാരയിട്ടു കട്ടങ്കാപ്പിയൊഴിച്ചു ഞാൻ ആസ്വദിച്ച് കഴിച്ചതിനു കയ്യും കണക്കുമില്ല..

അങ്ങനെ ബാല്യകാലസ്മരണകളിൽ മുഴുകി നെറന്തലക്ക് വെള്ളം വീണപ്പോ ദാ നല്ല പാലൊഴിച്ച ഫിൽറ്റർ കാപ്പി കുടിക്കാനുള്ള മോഹം പൂർവ്വജന്മസ്‌മൃതി പോലെ പാഞ്ഞെത്തിയിരിക്കണ്.. പണ്ട് സുന്ദരയ്യരുടെ മോള് മീനാക്ഷി ആയിരുന്ന കാലത്തെ മ്മടെ തമിഴ് കണക്ഷൻ കൊണ്ടാകുമെന്നു കരുതി അത്യാഹ്ലാദത്തോടെ ഫ്രിഡ്ജിൽ നോക്കുമ്പോ പാലില്ല.. അങ്ങനെ ആ മോഹം അടുപ്പത്തുനിന്നു വാങ്ങിവെച്ചു ഞാനിതാ എൻറെ ദുഃഖം പങ്കുവെച്ചു മിണ്ടാതിരിക്കുന്നു.. ഇടക്കെപ്പഴോ കഫീൻ നന്നല്ല എന്നു ന്യായം പറഞ്ഞു കാപ്പിയെ ഞാനെൻറെ ജീവിതത്തിൽ നിന്ന് തന്നെ പുറത്താക്കിയെങ്കിലും, വർഷങ്ങൾക്കു ശേഷം ഈ അടുത്തെന്നോ പുട്ടിലൊഴിക്കാൻ കട്ടങ്കാപ്പി കിട്ടീപ്പോ കഫീനോട് പോയി പണി നോക്കാൻ പറഞ്ഞിട്ട് വീണ്ടും എൻറെ കാപ്പിയെ ഞാൻ കൂടെ കൂട്ടീന്നു പറഞ്ഞാമതീലോ.. എന്തായാലും ഇന്ന് വൈകീട്ട് തന്നെ ഈയുള്ളവൾ ഫിൽറ്റർ കാപ്പി കുടിച്ചിരിക്കും എന്നത് മൂന്നു തരം..!!

#I_Love_Coffee