എഴുത്തുകളെ ഭ്രാന്തമായി പ്രണയിച്ചു തന്റെ ജീവിതം തന്നെ എഴുത്താക്കി മാറ്റിയ ഒരുവനെ എന്നോ കണ്ടുമുട്ടിയപ്പോൾ ഒരുപാട് പരിചയം തോന്നി.. അവനോടു ഞാൻ അധികമൊന്നും സംസാരിച്ചില്ലെങ്കിലും അവൻ ഒറ്റദിവസം കൊണ്ട് ഒരുപാട് പറഞ്ഞു… അവനെപ്പറ്റിയും അവനായിരിക്കുന്ന അവസ്ഥയെ പറ്റിയുമെല്ലാം അവൻ വാചാലനാകുമ്പോൾ കൗതുകത്തോടെ ഞാനവയ്ക്ക് ചെവികൊടുത്തു.. എല്ലാം പറഞ്ഞു തീർന്നപ്പോൾ എന്നാൽ ഇനി നിനക്കുറങ്ങാം എന്ന് ചൊല്ലി കൊടുത്ത യാത്രാമംഗളം…
പോകുന്നതിനു മുമ്പൊരു കാര്യം എന്നോടവൻ ആവശ്യപ്പെട്ടു.. അവനായി കുറിക്കപ്പെടുന്ന ഒരുപിടി അക്ഷരങ്ങൾ.. എന്റെ കൂട്ടുകാരാ, അതിന് സമയമായില്ലെന്നു അന്ന് ഞാൻ പറഞ്ഞതൊരിക്കലും ഒഴിഞ്ഞുമാറലല്ലായിരുന്നു..
പിന്നീട് നാളുകളോളം അവനെ ഞാൻ കണ്ടില്ല.. ദിവസങ്ങൾ കൊഴിഞ്ഞുപോകവേ, എന്തുകൊണ്ടോ അവന്റെ ആരോഗ്യത്തെ ചൊല്ലി ഉള്ളിലൊരാധി വന്നപ്പോൾ അന്വേഷിക്കാവുന്ന രീതിയിലൊക്കെ അന്വേഷിച്ചു.. ഒടുവിൽ ഇന്നലെ അവൻ വീണ്ടുമെത്തി.. ആരോഗ്യത്തെ കുറിച്ചന്വേഷിച്ചപ്പോൾ ശരീരം സുഖം മനസ്സിന്നും അസ്വസ്ഥമെന്നോതി.. എങ്കിലും നീ ആരോഗ്യപരമായി നന്നായിരിക്കുന്നു എന്നറിഞ്ഞതിൽ സമാധാനം തോന്നി..
പ്രിയ കൂട്ടുകാരാ, ഒടുവിൽ നീ പറഞ്ഞ വരികൾ.. “ഉറങ്ങാമെന്നു ഞാൻ നിനക്ക് തന്ന വാക്ക് ഞാൻ പാലിക്കുന്നുണ്ട്” എന്ന് കേട്ടപ്പോൾ തോന്നിയ സന്തോഷത്തിനു അതിരില്ലായിരുന്നു.. കാരണം ഇത്രമാത്രം.. പലരെയും സങ്കടത്തിൽ സഹായിക്കാൻ എന്റെ സമയം കളഞ്ഞു ഞാൻ ഇരുന്നിട്ടുണ്ടെങ്കിലും എന്റെ സമയത്തിന് അവർ കൽപ്പിച്ച വില പലപ്പോഴും നിരാശാവഹമായിരുന്നു.. എന്നാൽ നിന്റെ എല്ലാ വേദനകളും അറിഞ്ഞിട്ടും ഒരാശ്വാസവാക്കുപോലും പറയാതെ നീ കൃത്യമായി ഉറങ്ങാൻ ശ്രമിക്കണമെന്ന് ഒറ്റ വാക്യത്തിൽ ഞാൻ ചൊല്ലിയ മറുപടി നീ നിന്റെ നിത്യജീവിതത്തിൽ പകർത്താൻ കാണിച്ച ആത്മാർത്ഥത.. അതുതന്നെയാണ് ഇന്നെനിക്ക് നീ ഏറെ പ്രിയപ്പെട്ടവനാകുവാനുള്ള കാരണവും..
മയിൽപ്പീലിയെ സ്നേഹിച്ചവളായിരുന്നിട്ടും നിനക്ക് ഞാൻ തന്ന ഉപദേശം രുദ്രാക്ഷം ആണ് സത്യം എന്നായിരുന്നു.. എന്റെ ഉള്ളിൽ ആകാശം കാണാതെ സൂക്ഷിക്കപ്പെട്ട മയിൽപ്പീലി പെറ്റുപെരുകിയത് രുദ്രാക്ഷമായിട്ടായിരുന്നു എന്ന അനുഭവം കൊണ്ട് മാത്രം പറഞ്ഞവയായിരുന്നു ആ വാക്കുകൾ.. നീ ഇനിയും മയിൽപ്പീലിയെ സ്നേഹിച്ചുകൊള്ളുക.. ഒരുപക്ഷെ നിനക്കെങ്കിലും അവയെ ഇരട്ടിച്ചു കിട്ടിയാൽ അതിലൊരു പങ്കെനിക്ക് അവകാശപ്പെടാമെന്ന ശുദ്ധമായ ദുരാഗ്രഹം മാത്രമാണ് കൂട്ടുകാരാ ഇന്നത് മാറ്റിപ്പറയാനുള്ള ഹേതു.. ?
അങ്ങനെ ഒരുപാട് വ്യത്യസ്തതകളെ പുറന്തള്ളിക്കൊണ്ട് നമ്മൾ കണ്ടെത്തിയ ആ സാമ്യം.. നമ്മുടെ സ്വന്തം അക്ഷരങ്ങളാകുന്ന മയിൽപ്പീലികൾ.. അവ അന്തരീക്ഷത്തിൽ ഇനിയും ഒരുപാട് ഒരുപാട് പറന്നുകളിക്കട്ടെ.. വളപ്പൊട്ടുകളും കുന്നിക്കുരുമണികളും സൂക്ഷിച്ച ഗതകാലസ്മരണകൾ ഇനിയും പല്ലാങ്കുഴി കളിക്കട്ടെ..
അക്ഷരലോകത്തു പറന്നുനടക്കണ പ്രാന്തനെ ന്റെ ചങ്ക് ആക്കിക്കൊണ്ട് കെടക്കട്ടെ ഒരു പബ്ലിക് പോസ്റ്റ്.. ?
അതേ.. അന്നു തന്ന വാക്ക് പാലിച്ചുകൊണ്ട് ഇന്നിതാ നിനക്കായി ഞാൻ എന്റെ സ്വന്തം വരികൾ “മ്മടെ സ്വന്തം ഭാഷേല്” കുറിക്കട്ടെ… ഇയ്യ് മ്മടെ മുത്താണ് ട്ടാ… അന്നോട് ഒത്തിരി ഒത്തിരി ഇസ്‌തം… ❤❤