ഇന്നീ സൗഹൃദദിനത്തിൽ എനിക്കെന്റെ സുഹൃത്തുക്കളോട് പറയാനുള്ളത് ഈ പ്രൊഫൈൽ നിഷ്ക്രിയമാക്കുവാനുള്ള ആലോചനയിലാണ് ഞാൻ എന്ന സത്യമാണ്.. എത്രയോ നല്ല സുഹൃത്തുക്കളെ തന്ന ഒരു പ്രൊഫൈൽ… ഒരുപാട് പുരോഗമനപരമായ ആശയങ്ങളും അഭിപ്രായങ്ങളും ചർച്ചകളും ഒക്കെ നൽകിയ പ്രൊഫൈൽ.. ഒരുപാട് ആസ്വദിച്ചു ഞാൻ ആർട്ടിക്കിൾസ് എഴുതിയിരുന്ന എന്റെ പ്രിയപ്പെട്ട പ്രൊഫൈൽ..
പലരും പറഞ്ഞു പ്രതിലിപിയിൽ എഴുതാൻ, പക്ഷെ അതിൽ കയറിനോക്കിയപ്പോൾ രൂപത്തിലും ഭാവത്തിലും എനിക്കൊട്ടും പരിചയമില്ലാത്ത ഒരിടമായി തോന്നിയതുകൊണ്ടാവാം, ഇൻസ്റ്റാൾ ചെയ്തതിലും വേഗത്തിൽ അൺഇൻസ്റ്റാൾ ചെയ്യുകയാണുണ്ടായത്..
ആദ്യ കാലത്ത് തല്ലുകൂടിയ പലരും ഇന്ന് സുഹൃത്തുക്കൾ ആണ്.. പിന്നെ വഴിയിൽ കണ്ടുമുട്ടിയവർ.. അതിൽ നേരിട്ട് പരിചയിച്ചവർ.. ഒരുപാട് സ്നേഹം തന്നവർ.. ഒന്നും മിണ്ടാതെ കൊഴിഞ്ഞു പോയവർ… നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഇൻബോക്സിൽ ചാറ്റ് ചെയ്തിട്ടില്ലെങ്കിലും എന്റെ രചനകളിലൂടെ എന്നെ സ്നേഹിച്ചവർ..
നിങ്ങൾ എല്ലാവരോടും എനിക്ക് ഒരുപാടിഷ്ടമാണ്.. അതുകൊണ്ട് തന്നെ അറിഞ്ഞോ അറിയാതെയോ ഞാൻ എന്റെ വാക്കുകൾ കൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഹൃദയത്തിന്റെ ഭാഷയിൽ തീർത്തും ഔപചാരികമായ ക്ഷമാപണം നടത്തുന്നു.. അതോടൊപ്പം തന്നെ ഈയുള്ളവളുടെ പടവാളായ തൂലികയ്ക്ക് വിശ്രമം കൊടുക്കുകയാണ് എന്ന തീരുമാനം കൂടി അറിയിച്ചുകൊള്ളുന്നു..
ഇനിയെന്നെങ്കിലും സജീവമാകണം എന്ന് തോന്നുന്ന കാലത്ത് ഈ പ്രൊഫൈൽ നിലവിലില്ലെങ്കിൽ ഈയുള്ളവളുടെ തൂലികാനാമമായ വിഷ്ണുപ്രിയയെ ചേർത്ത് ഒരു പ്രൊഫൈൽ ഉണ്ടാക്കിയേക്കാം.. ചിലപ്പോൾ അതു ചെയ്തില്ലെന്നും വരാം.. എന്നിരുന്നാലും ഓർത്തുവെക്കുക ഇവളെ.. കാരണം എന്നെങ്കിലുമൊരു ഫ്രണ്ട് റിക്വസ്റ്റ് കണ്ടാൽ ഫേക്ക് എന്ന് കരുതി ആക്സെപ്റ്റ് ചെയാതിരിക്കരുത്.. നൽകിയ സ്നേഹത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നറിഞ്ഞുകൊണ്ട് അതിനായി മുതിരുന്നില്ല…
നിഷ്ക്രിയത്വം ഒരു ദിവസം കൊണ്ട് പ്രാവർത്തികമാക്കാൻ ഉദ്ദേശിച്ചിട്ടില്ല, പകരം കുറച്ചു നാൾ കൂടി ഉണ്ടാകും ഈ പരിസരങ്ങളിൽ, ഒരു മൂകസാക്ഷിയായി.. അങ്ങനെ പതിയെ പതിയെ ഒരു മാഞ്ഞുപോക്ക്.. പറയാതെ പോയെന്ന് എന്റെ പ്രിയപ്പെട്ടവരാരും കരുതരുത്.. എന്തുകൊണ്ടെന്നറിയില്ല, ഈയിടെയായി ഈ മുഖപുസ്തകം എനിക്കുള്ള ഇടമല്ലെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു.. എന്റെ തൂലികയിലെ അക്ഷരങ്ങൾ അവധിയെടുത്തിരിക്കുന്നു.. അതിനാൽ മഹാദേവന്റെ കഥകൾ പറയാതെ പറഞ്ഞുകൊണ്ട് സതിയോ ഉമയോ ഒക്കെയായി എവിടെയെങ്കിലും കാണാമറയത്ത് ജീവിക്കാനുള്ള നിയോഗം സ്വീകരിക്കുന്നു… നമഃശിവായ.. ❤❤
~Vishnupriya