30-October-2019

30-October-2019

ഞാനീ നിദ്ര തുടങ്ങിയിട്ട് കാലങ്ങളായിരിക്കുന്നു.. ജാഗ്രത്തിൽ നിന്നു സ്വപ്നത്തിലേക്കും സ്വപ്നത്തിൽ നിന്നു സുഷുപ്തിയിലേക്കും സുഷുപ്തിയിൽ നിന്ന് സ്വരൂപത്തിലേക്കുമുള്ള എന്റെ യാത്രയെ നിദ്രയെന്ന് പേരിടുന്നതിലെ അർത്ഥശൂന്യത ഞാനറിയുന്നു.. എങ്കിലും ഇന്നീ ശൂന്യതയിൽ ഞാനെന്റെ അർഥങ്ങൾ തിരയേണ്ടതായി വന്നിരിക്കുന്നു..

സാഗരം ശാന്തമെന്നു തോന്നുമ്പോഴായിരിക്കും അതിൽ ഏറ്റവുമധികം അഗ്നിപർവ്വതസ്ഫോടനങ്ങളും ഭൂകമ്പനങ്ങളും അന്തർധാരകളും സജീവമാകുന്നത്.. ശാന്തമായ ഒരു സാഗരത്തിനു മാത്രമേ ഇവയെ എല്ലാം ഉൾക്കൊള്ളാനാകൂ എന്ന സത്യമാണ് ഇന്ന് എനിക്കുമുന്നിൽ തെളിയുന്നത്..

അന്തരംഗത്തിലെ പ്രക്ഷുബ്ധത സാഗരം പുറത്തുകാണിക്കുന്നത് തന്റെ ഏറ്റവും ദുർബലമായ അവസ്ഥയിൽ ആയിരിക്കില്ലേ..?? അപ്രകാരം തന്റെ ദൗർബല്യത്തെ അതിന്റെ പരിപൂർണതയിൽ അംഗീകരിച്ചു ഇനിയൊന്നും തന്നിലടങ്ങരുതെന്നുറച്ചു ഉള്ളിലുള്ളതിനെയെല്ലാം പുറത്തേക്കെറിഞ്ഞു കലിതുള്ളിമറിയുമ്പോൾ ആ സാഗരത്തിന്റെ ശക്തിയെ ചൊല്ലി മാലോകർ വിസ്മയം കൊള്ളുന്നു..

തന്നെ സ്വഗൃഹമാക്കിയ ആ ജീവൻ പോലും വിട്ടുപിരിഞ്ഞിട്ടും എത്രയോ കാലത്തെ സഹവാസം കൊണ്ട് അലയടിക്കുന്ന സാഗരത്തെത്തന്നെ തന്റെ ഇടനെഞ്ചിലാവാഹിച്ച ശംഖ്… നീലസാഗരത്തിന്റെ അന്തരാളത്തെ പുണർന്നുകിടക്കുന്ന മൃതുഞ്ജയമായ ആ വെൺശംഖിലൂടെ പ്രണയം പ്രണവമായി ഉദിച്ചനാൾ ഞാനുണർന്നു…

അതേ, ഇതെന്റെ മറ്റൊരു ജന്മം.. എരിയുന്ന ചിതയിൽ സാഗരം സന്നിവേശിപ്പിച്ചു ധ്യാനത്തിലമർന്ന ശിലാരൂപത്തിന്റെ ആർദ്രവക്ഷസ്സിലേക്കൊരു കപാലത്തെ കൂടി ചേർത്തുകൊണ്ട് എന്തിനോ വേണ്ടി ഞാൻ പുനർജ്ജനിക്കുന്നു..

~Vishnupriya