9-November-2019

9-November-2019

പ്രകൃതിയിലെ ഒരു ചരാചരത്തോട് ദൂരെയിരുന്നു സംവദിക്കുന്ന രീതി ഞാൻ പഠിക്കുന്നത് എന്റെ സ്കൂൾ കാലഘട്ടത്തിലാണ്.. സ്കൂൾ ഹോസ്റ്റലിന്റെ ഒരു വശത്തെ ജനലിലൂടെ നോക്കിയാൽ കാണുന്നത് ദൂരെയുള്ള പള്ളിമുറ്റത്ത് നിൽക്കുന്ന കാറ്റാടിമരമായിരുന്നു.. അന്നാ മരത്തെ എന്റെ സുഹൃത്തായി കണ്ടു ഞാൻ പറഞ്ഞിട്ടുള്ളതൊന്നും മറ്റാരോടും പറഞ്ഞിട്ടുണ്ടാകില്ല.. പിന്നീട് ഹീലിംഗ് പോലുള്ള ഊർജമേഖലകളിലൂടെയുള്ള എന്റെ യാത്രകൾക്ക് സഹായമായത് ആ മരത്തോടുള്ള സംവാദങ്ങളായിരിക്കണം.. ഇന്നും എന്നെ അറിയുന്നവർക്കറിയാം, അവർ പോലുമറിയാതെ അവരുടെ മനസ്സ് അകലങ്ങളിൽ നിന്നു വായിച്ചു അവരുടെ ആവശ്യങ്ങളിൽ കൂടെനിൽക്കാൻ ഓടിയെത്തിയിരുന്ന ഒരുവളെ..

അന്നൊക്കെ ചില ദിവസങ്ങളിൽ പുലർകാലത്തു ഹോസ്റ്റലിലെ മ്യൂസിക് സിസ്റ്റം വർക്ക്‌ ചെയ്യിക്കാനായി വെച്ചിരുന്ന ഭക്തിഗാന കാസറ്റിലെ ഒരു പാട്ട് എന്നോ എന്റെ ഉള്ളിൽ കയറിയത് ശക്തമായ ഒരു ഉറപ്പു പോലെയായിരുന്നു.. മതം ഭ്രാന്താകാത്ത കാലത്ത് ഏതോ പുണ്യവാൻ എഴുതി മറ്റൊരു പുണ്യവാൻ സംഗീതം നല്കിയതാകണം.. അതിന്റെ ചൈതന്യം ആ പാട്ടിലുണ്ട്.. അതുകൊണ്ടാകും, അതു കേട്ട് പലപ്പോഴും കണ്ണുനീർ ഒഴുകിയിറങ്ങിയിട്ടുള്ളതും.. യാദൃശ്ചികമായി കഴിഞ്ഞാഴ്ച അതിനെ കുറിച്ച് ഓർക്കുകയും ഫോണിൽ ഡൌൺലോഡ് ചെയ്തിടുകയും ചെയ്തു.. അതിന് ശേഷം ഞാൻ കാണുന്നത് അങ്ങനൊരു ഉറപ്പിന്റെ ആവശ്യമുള്ള അനേകം സുഹൃത്തുക്കളെ ആയിരുന്നു..

ജീവിതത്തിൽ പലപ്പോഴായി കാലിടറുമ്പോഴൊക്കെ ഒരു പിടിവള്ളി കിട്ടിയിട്ടുണ്ട്.. അമ്പലങ്ങളിൽ പൊഴിഞ്ഞതിനേക്കാൾ എന്റെ കണ്ണുനീർ കണ്ടിട്ടുള്ളത് സ്കൂളിനോട് ചേർന്നുനിൽക്കുന്ന ചാപ്പലിന്റെ മൂകമായ അകത്തളങ്ങളാണ്.. അവയുടെ ഉള്ളിലെ അന്നത്തെ ഊർജം എന്നും എനിക്ക് സാന്ത്വനമേകിയിരുന്നു.. ഹോസ്റ്റൽ വാർഡനോട് എനിക്കെന്റെ കൃഷ്ണനെ വെക്കാൻ ആ അറ്റത്തുള്ള മുറി തരുമോ എന്ന് ചോദിച്ച എനിക്ക് അന്ന് അതേ മുറി തന്നെ അലോട്ട് ചെയ്തുകിട്ടിയ കാലം.. ഹോസ്റ്റലിന്റെ താഴെ ഉള്ള പ്രാർത്ഥനാ ഹാളിനു പുറത്ത് വെച്ചിരുന്ന ഈ ചിത്രം അന്ന് തന്ന ഉറപ്പൊന്നും മറ്റെവിടെ നിന്നും കിട്ടിക്കാണില്ല..
(വരികൾ ഓർമയുള്ളതു കൊണ്ട് ഇവിടെ ചേർക്കുന്ന ചിത്രം ഞാൻ തന്നെ എഡിറ്റ്‌ ചെയ്തുണ്ടാക്കിയതാണ്.. പക്ഷെ അന്ന് അവിടെ ഉണ്ടായിരുന്നതും ഇതുപോലെ ഒരു ചിത്രം തന്നെയായിരുന്നു.)

ഈ ചിത്രം എന്റെ കൗമാരത്തിൽ നൽകിയ ശക്തി കൊണ്ടാകണം, ഇതിൽ പറയുന്നതുപോലെ “ഞാനുണ്ട്” എന്ന ഉറപ്പുനൽകി വേദനിക്കുന്നവർക്കിടയിലേക്ക് ഒരു മാലാഖയെ പോലെ കടന്നുചെല്ലണം എന്ന് പലപ്പോഴും തോന്നാറുണ്ട്.. പക്ഷെ അന്ന് അവൻ എന്നോട് പറഞ്ഞത് മറ്റുള്ളവരോട് പറയണമെങ്കിൽ ഞാൻ സ്വയം ഒരു മാലാഖ ആകേണ്ടതുണ്ട്.. കാലം എനിക്കായി കാത്തുവെച്ചതെന്തോ, അതു സംഭവിക്കട്ടെ..

☯️.. നമഃശിവായ.. ☯️