മരണം.. ഇന്നെന്റെ ചിന്തയിൽ മരണമാണ്.. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന ഏറ്റവും വലിയ കണക്കുപുസ്തകമേന്തുന്ന മരണം.. “ദേഹമേ പോകുന്നുള്ളൂ ദേഹി ഇവിടെത്തന്നെ ഉണ്ടാകും” എന്ന് മംഗലശ്ശേരി നീലകണ്ഠൻ ഭാര്യയുടെ അസ്ഥിമാടത്തിൽ നിന്ന് യാത്ര ചൊല്ലുന്നത് കഴിഞ്ഞാഴ്ച കൂടി കണ്ടതേയുള്ളു.. എന്നാൽ ദേഹമാണോ ദേഹിയാണോ യാത്രയാകുന്നതെന്നു പോലും മനസിലാകാത്ത ഒരു വ്യക്തിയുടെ ജല്പനങ്ങൾ എപ്രകാരമായിരിക്കും എന്ന് തീർത്തു പറയാനാകില്ലൊരിക്കലും..
വീണുപോകുമെന്ന് തോന്നുമ്പോഴെല്ലാം രക്ഷയ്ക്കായി കൈനീട്ടുന്ന മനുഷ്യസഹജമായ വാസന ഇന്ന് മറ്റെന്തിനേക്കാളും മുമ്പേ ത്യജിക്കേണ്ടിയിരിക്കുന്നു എന്നറിയാമെങ്കിലും അതൊരിക്കലും അലട്ടിയിട്ടില്ല.. എന്നാൽ ഇന്നും ഈ കൈയിൽ പിടിച്ചു നടക്കുന്നവരെ എവിടെ ഏൽപ്പിക്കണം എന്നതിൽ മാത്രമേ ഇന്ന് വരെ ചിന്താകുലയായിട്ടുള്ളു..
മരണം.. ജീവിതത്തിൽ പലപ്പോഴായി കൂടെ ചേർത്തവയെ എല്ലാം മാറ്റിനിർത്തി തനിയെ നടക്കേണ്ടതായ യാത്ര.. ഈ കൈകളിൽ സുരക്ഷ കണ്ടെത്തിയവർക്കായി മറ്റൊരു വിളക്കുമാടം ഒരുക്കുകയെന്നത് എന്തുകൊണ്ടാണ് സ്വന്തം കടമയായി തോന്നുന്നത് എന്ന് ഇന്നുമറിയില്ല.. എങ്കിലും കഴിയുന്നപോലെ എല്ലാം ചെയ്തുവെച്ചിട്ട് വേണം പടിയിറങ്ങാൻ എന്നത് അഹങ്കാരമോ ഒട്ടലോ കരുണയോ സ്നേഹമോ എന്തെന്ന് വിവേചിച്ചറിയാൻ സാധിക്കാത്ത സ്ഥിതിവിശേഷം..
പലവുരു പുനർജ്ജനിച്ചെങ്കിലെന്ത്, സ്നേഹിക്കാനും കൂട്ടുകൂടാനും പ്രണയിക്കാനും കരയാനും പുഞ്ചിരിക്കാനും സാധിക്കുന്ന മനുഷ്യജന്മം എത്ര ധന്യമാണ്.. എന്നാൽ സുഖവും ദുഃഖവും സന്തോഷവും വേദനയും കണ്ണുനീരും പുഞ്ചിരിയും എല്ലാം സമമായി മാറുന്ന ഭാവനയിൽ ജന്മം അവസാനിക്കുകയാണോ അതോ ദ്വിജത്വം നേടി മറ്റൊരു ജന്മത്തിലേക്കുള്ള കാൽവെപ്പുകളാണോ എന്നറിയാത്ത കാലത്തോളം അനുഭവവേദ്യമാകുന്നത് മൃതിയുടെ തണുപ്പ് തന്നെയാകുന്നു എന്ന സത്യം ഇന്നിവിടെ രേഖപ്പെടുത്തുമ്പോഴും ഓർമകളിൽ മാഞ്ഞുപോകാതെ ഒന്നുണ്ട് – ജീവിതത്തോടുള്ള അഗാധമായ പ്രണയം…
ഒമ്പതാം ക്ലാസ്സിലെ കേരളപാഠാവലിയിൽ പഠിച്ച ജി ശങ്കരക്കുറുപ്പിന്റെ “എന്റെ വേളി” എന്ന കവിത ഇന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നതിന് കാരണം തന്നെ മരണം എന്ന ഭീതിദമായ പ്രഹേളികയെ വിവാഹത്തോടുപമിച്ച കവിഭാവനയോട് തോന്നിയ ആരാധന മാത്രമല്ല, “വിരഹത്തിലല്ലാതെ ലാവണ്യം സമഗ്രമായ് നിരവദ്യമായിട്ടു കാണുവാൻ കഴിവീല” എന്നുറപ്പിച്ചു പറയപ്പെട്ട ജീവിതസത്യം കൂടിയാണ്..
അതേ, നാം അറിഞ്ഞാലും ഇല്ലെങ്കിലും ജീവിതം എത്രയോ സുന്ദരമാണ് എന്ന സത്യം വീണ്ടും വീണ്ടും ഞാൻ ഏറ്റുപറയട്ടെ.. പ്രണയമാണ് എന്നും ജീവിതത്തോട്.. അതുകൊണ്ടുതന്നെയാകാം വേർപാടിന്റെ അവസാനനിമിഷങ്ങളിൽ പോലും ജീവിതത്തിന്റെ അഭൗമമായ സൗന്ദര്യം നിത്യനിരന്തരമായി ഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്നതും..
~Vishnupriya
കാല കാല മഹാകാല വിരചിതം കാലം.. ❤️
നമഃശിവായ.. ❤️