27-November-2019

27-November-2019

കാലങ്ങളുടെ യാത്രയിൽ പലയിടത്തുനിന്നും ശ്രവിച്ച തേടലിന്റെ കഥകൾ.. തേടൽ എന്നൊന്നുണ്ടോ?? എന്നെ തേടിയത് ആരാണ്?? ഞാൻ തേടിയത് ആരെയാണ്, എന്തിനെയാണ്..??ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ.. എന്നാൽ ഉത്തരമായത് ഒരേയൊരു ചോദ്യം..

ആത്മസംതൃപ്തി ഇല്ലാത്തിടത്തല്ലേ തേടലുണ്ടാകൂ?? എന്നിൽ ഞാൻ തൃപ്തമല്ലാതിരിക്കുന്ന അവസ്ഥയിൽ എന്നെ പൂർണമാക്കാൻ ഉള്ള തേടൽ.. വസ്തുവിലായാലും വ്യക്തിയിലായാലും എന്നെ തൃപ്തമാക്കുന്ന ആ ഒരു കണിക, അതിലേക്കുള്ള ജന്മജന്മാന്തരങ്ങളുടെ സഞ്ചാരം..

അതിബൃഹത്തായ മണലാരണ്യത്തിലൂടെയുള്ള ആ ദീർഘയാത്രയുടെ തുടക്കത്തിൽ ഒപ്പമുണ്ടായവർ പക്ഷെ ഗതിവിഗതികളനുസരിച്ചും അവനവന്റെ ദിശാബോധമനുസരിച്ചും മാറിപ്പോയേക്കാം.. അനന്തമായ പഥങ്ങളിൽ നമുക്ക് മുമ്പ് നടന്നുതുടങ്ങിയവരെ കണ്ടുമുട്ടാം, നമുക്ക് ശേഷം യാത്ര തുടങ്ങിയവരെയും കണ്ടേക്കാം.. തുരുത്തുകൾ ഓരോന്നായി കാണുമ്പോഴും നാം തേടിയത് ഇതുതന്നെയല്ലേ എന്ന ചോദ്യത്തിൽ നിന്നുണ്ടാകുന്ന പശിമയിൽ പലപ്പോഴും നമ്മുടെ ഗതിവേഗം തന്നെ നിർണ്ണയിക്കപ്പെടുന്നു..

ഇപ്രകാരം തേടലിന്റെ മനഃശാസ്ത്രത്തിലൂടെയും കുറച്ചു ദൂരം സഞ്ചരിച്ചിട്ടുണ്ട്.. തേടി കിട്ടിയതെന്ന് വിശേഷിപ്പിക്കപ്പെട്ട ഒന്നും എവിടെയും നിലനിൽക്കുന്നതായി കാണുവാൻ സാധിച്ചില്ല.. ബുദ്ധിപരമായി നാം തിരഞ്ഞെടുത്ത പാത അനുസരിച്ചു മാറ്റം വരാവുന്ന വഴിത്തിരിവുകൾ മാത്രമായിരുന്നു ആ മരുപ്പച്ചകളെല്ലാം എന്നറിയുമ്പോൾ മനുഷ്യൻ തന്റെ തേടലിന്റെ നിരർത്ഥകത തിരിച്ചറിയുന്നു..

നടന്ന വഴിയത്രയും ആ അറിവിന് വേണ്ടിയുള്ളതായിരുന്നു എന്ന് വ്യക്തമാകുന്നിടത്ത് അവനാ ബോധിവൃക്ഷം കണ്ടെത്തുന്നു.. പിന്നെ ബാഹ്യമായ യാത്ര നിർത്തി അവൻ ആ വൃക്ഷച്ചുവട്ടിൽ തന്റെ തപസ്സിനായിരിക്കുന്നു.. അന്നമയകോശത്തിൽ നിന്ന് ആനന്ദമയകോശത്തിലേക്കുള്ള ആന്തരികയാത്ര.. തേടലുകളെ അവസാനിപ്പിച്ചു സ്വയം നഷ്ടപ്പെടുവാനും അങ്ങനെ നഷ്ടപ്പെടുന്നതിലൂടെ ശാശ്വതമായത് നേടുവാനുമുള്ള യാത്ര..

തേടുക എന്നതിന് പകരം നേടുക എന്ന വാക്കിനോടായിരുന്നു എന്നും പ്രിയം.. തന്നെ തിരിച്ചറിയാത്ത തന്റെ പൂർണതയെ അവൻ തേടിച്ചെന്നെങ്കിലും കാലത്തിന്റെ കുത്തൊഴുക്കിൽ അത് നഷ്ടപ്പെട്ടു.. എന്നാൽ യുഗങ്ങൾക്കിപ്പുറം, തന്നിൽ നിന്ന് നഷ്ടപ്പെട്ട ആ പൂർണതയെ അവൾ തപം ചെയ്തു നേടിയത് കൊണ്ടാവാം, അത് ശാശ്വതമായിരുന്നു.. കാലങ്ങളുടെ ദീർഘതപസ്സിനൊടുവിൽ അവളെ അവൻ ഗംഗാജലത്താൽ അഭിഷേകം ചെയ്തു തന്നോടുചേർത്ത ആ മുഹൂർത്തം.. ശിവം.. ഗൗരീശങ്കരം.. ❤️

~Vishnupriya