എന്റെ പ്രണയം എനിക്കെന്റെ കണ്ണീരുപ്പിന്റെ സാന്ദ്രതയെ വഹിക്കാൻ ശക്തിയുള്ളൊരു കടലായിരുന്നു.. പുറംലോകമറിയാതൊരു ചിപ്പിയിലുറങ്ങുന്ന മുത്തിനെ മോഹിച്ച ആഴക്കടൽ..
എന്റെ പ്രണയമെനിക്കെന്റെ തൂലികയായിരുന്നു.. എന്റെ സിരകളിലോടുന്ന ജീവരക്തം നിറച്ചു ഞാൻ സദാ വിരലോടു ചേർത്തോമനിക്കാറുള്ള മൗനത്തേക്കാൾ വാചാലമായൊരു പൊൻതൂലിക..
എന്റെ പ്രണയമെനിക്ക് കാറ്റായിരുന്നു.. കണ്ണെത്താദൂരത്തെ നെൽപ്പാടങ്ങളും വെള്ളാമ്പൽപ്പൊയ്കകളും തഴുകിയ ഗന്ധവുമായി എന്റെ ജാലകത്തിൽ വീശിയടിച്ചെന്റെ മുടിയഴിച്ചുലച്ച പടിഞ്ഞാറൻകാറ്റ്..
എന്റെ പ്രണയം എനിക്കെന്റെ രാത്രികളായിരുന്നു.. നിറഞ്ഞ നിശ്ശബ്ദതയിലമർന്ന മുത്തശ്ശിക്കഥകളിലെ കടുംനീലനിറമാർന്ന മായികലോകത്തിന്റെ ഭ്രമിപ്പിക്കുന്ന രുചിയുള്ള ഹേമന്തരാത്രികൾ..
എന്റെ പ്രണയം എനിക്കെന്റെ ശ്വാസമായിരുന്നു.. പഞ്ചേന്ദ്രിയങ്ങളും സമർപ്പിതമാകുമ്പോൾ എന്റെ ആത്മാവിന്റെ മറുതലയോളം കാണിച്ചുതരുന്ന ഒരു നേർത്ത നിശ്വാസം..
എന്റെ പ്രണയം എനിക്കൊരു പീലിയായിരുന്നു.. ഓരോ ജനിമൃതിചക്രത്തിലും എന്നിലണഞ്ഞ് എന്നോടുചേർന്ന് എന്നിൽനിന്നുതിർന്നുവീണ വർണാഭമായൊരു മയിൽപ്പീലിത്തുണ്ട്..
©Vishnupriya©