ഒരുപാട് നോവിച്ച ഒരു വസ്തുത പങ്കുവെക്കാം.. എന്റെ പ്രത്യയ ശാസ്ത്രത്തിന് തെറ്റെന്നു തോന്നുന്നത് എന്നും എവിടെയും എതിർത്തിട്ടാണ് ശീലം.. അതൊരു പക്ഷെ ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എന്നപോലെ തന്നെയാണ് പലതും ചിന്തിക്കാറും പ്രവർത്തിക്കാറുമുള്ളത്..
ഈയുള്ളവൾ സമയം കളയാനായിട്ടല്ല മെസ്സഞ്ചർ ഉപയോഗിക്കുന്നത് എന്ന് ചുരുക്കം ചിലർക്കെങ്കിലും അറിയാം.. ഇവിടെ പലരും യാത്രയെ കുറിച്ചും രുദ്രാക്ഷത്തെ കുറിച്ചുമൊക്കെ സംസാരിക്കാൻ വരാറുണ്ട്… വിഷയം കാര്യമാത്രപ്രസക്തമാണെങ്കിൽ, സമയം അനുവദിക്കുന്നുവെങ്കിൽ അറിയാവുന്നത് പറയും.. വീട്, നാട്, ചോറുണ്ണൽ, ചായകുടി, പാതിരക്കുള്ള സുഖാന്വേഷണങ്ങൾ തുടങ്ങിയവ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല.. ആത്മീയ ചർച്ചകളും ചെയുക പതിവില്ല..
ചുരുക്കം ചിലരോട് മാത്രമേ ഒരു നീണ്ട കാലത്തേ കണക്ഷൻ വെക്കാറുള്ളൂ.. അവരോടു പോലും വീടോ നാടോ ജീവിതപ്രശ്നങ്ങളോ ആത്മീയതയോ സാധനയോ ഒന്നും ചോദിക്കാൻ നിൽക്കാറുമില്ല.. അപ്രകാരം അടുപ്പവും സ്നേഹവും ഉള്ള പലരോടും മാസത്തിൽ ഒരിക്കൽ എങ്കിലും അങ്ങോട്ട് ചെന്ന് വെറുതെ രണ്ടു മിനിറ്റ് സംസാരിച്ചു സൗഹൃദം പുതുക്കാറുണ്ട്.. ഒരേ ചിന്താഗതികൾ ഉള്ളവരോട് പറയാനുള്ള കാര്യങ്ങൾ സമയം നോക്കാതെ അവതരിപ്പിക്കാറുമുണ്ട്.. അവർക്ക് സമയം കിട്ടുമ്പോൾ മറുപടി പറയാൻ തോന്നിയാൽ പറയട്ടെ എന്ന് കരുതി ഫോളോ അപ്പ് ചെയ്യാൻ മുതിരാറുമില്ല, കാരണം എന്റെ സ്വാതന്ത്ര്യം തന്നെയാണ് അവരുടെ സ്വാതന്ത്ര്യവും..
ഇന്ന് ഒരു വ്യക്തി സംഭാഷണത്തിന് വന്നിട്ട് സഹായിക്കാം എന്ന് പറഞ്ഞപ്പോൾ എന്ത് സഹായം എന്ന് പോലും എനിക്ക് മനസിലായില്ല.. സഹായിക്കാൻ നാരായണനും മഹാദേവനും ഒക്കെയുണ്ട് സഹോദരാ, നിങ്ങൾക്ക് പോകാം എന്ന് പറഞ്ഞു വിടാൻ സാധിച്ചുവെങ്കിലും ഒരുവട്ടം ചിന്തിച്ചുപോയി – ഇതേ കാര്യം ആ വ്യക്തി എത്ര പേരോട് പറഞ്ഞുകാണും? അതിൽ ഒരാൾ എങ്കിലും മനോവിഷമത്തിൽ ആണെങ്കിൽ പലതും അയാളോട് തുറന്നു പറഞ്ഞിരിക്കില്ലേ? ഇനി സഹായിക്കാമെന്ന് പറഞ്ഞിട്ട് അതു കേൾക്കുന്ന ആ വ്യക്തി genuine അല്ലെങ്കിൽ? അതും എല്ലാവരും അവസാനത്തെ ആശ്രയമായി കാണുന്ന ദൈവനാമത്തിൽ തന്നെ വേണോ അദ്ദേഹത്തിന് സഹായവാഗ്ദാനം ചെയ്യുവാൻ?
എന്തിനു നീ messenger ഉപയോഗിക്കുന്നു, എന്തിനു അയാളോട് സംസാരിക്കാൻ പോയി എന്ന് തമാശക്കെങ്കിലും എന്നോട് ചോദിക്കുന്ന സുഹൃത്തുക്കൾ ഇപ്രകാരം ചിന്തിക്കുക എന്തിനു ഞാനിക്കാര്യം വിഷയമാക്കുന്നു എന്നത്… ചില ഫേക്ക് അക്കൗണ്ടുകൾക്ക് പിന്നിൽ ചതി അല്ലാതെ ദുഃഖത്തിന്റെയും തിരസ്കാരത്തിന്റെയും കഥകൾ ഉണ്ടായിരിക്കാം.. അവരുടെ മനസ്സ് ആരും കാണാതെയും അറിയാതെയും പകർത്താൻ അവർ ഉപയോഗിക്കുന്നതാവാം ഒരു അജ്ഞാത നാമം.. അവരുടെ ജീവിതപ്രശ്നങ്ങൾ അവർ മറക്കുന്ന ഇടം ആകാം ഇത്.. അതുകൊണ്ട് തന്നെ എഴുത്ത് നല്ലതെന്ന് തോന്നുന്നവരുടെ റിക്വസ്റ്റ് സ്വീകരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ ഞാൻ അപാകതയൊന്നും കണ്ടിട്ടില്ല.. എന്നാൽ ആ നാമം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുവാനോ മേൽപ്പറഞ്ഞ പോലെ അവരുടെ കാര്യങ്ങൾ ചികഞ്ഞറിഞ്ഞു സഹായവാഗ്ദാനം ചെയ്യാനോ ആകരുത് എന്നതാണ് എന്റെ പ്രത്യയശാസ്ത്രം..
കുറെ നാളായി ഇവിടെ എന്റെ ചിന്തകൾ പങ്കുവെക്കുന്ന ഒരു വ്യക്തി ആണ് ഞാൻ.. എഴുതുമ്പോഴെല്ലാം അതിനെ അനുമോദിക്കുകയും നല്ലത് പറയുകയും ചെയ്യുന്നവർ ആണ് അധികവും.. എന്നാൽ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളൊരു കാര്യം ഇത്തരത്തിൽ പലരും നമുക്കൊരു വിഷമം വന്നാൽ കൂടെ ഉണ്ടാകില്ല എന്നതാണ്… ഉദാഹരണത്തിന് ഇന്ന് സംശയാസ്പദമായ ഒരു പ്രൊഫൈൽ റിപ്പോർട്ട് അടിക്കാനായി സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ വിമർശനമില്ലാതെ അതു ചെയ്ത എത്ര പേരുണ്ട് എന്നതിൽ കിടക്കുന്നു നമ്മുടെ വാക്കുകളോടുള്ള വിശ്വാസവും സ്നേഹവും..
അപ്പോൾ ഒരു ലൈക്കിലും കമന്റിലും നിന്ന് വിശ്വാസത്തിന്റെ സൂചിക കുറച്ചുകൂടി ചിന്താതലത്തിലേക്ക് ഉയർത്തിക്കൊണ്ട് നമ്മുടെ വാക്കുകളെ സത്യസന്ധമായി വിമർശിക്കുന്നവരെ (സത്യസന്ധതക്ക് ആണ് പ്രസക്തി) ചേർത്തുള്ള ഒരു കൂട്ടായ്മയെ കുറിച്ച് ആലോചിക്കേണ്ടതായി വന്നിരിക്കുന്നു എന്നതാണ്.. ആയിരത്തി മുന്നൂറു ഫ്രണ്ട്സ് ഉള്ള പ്രൊഫൈൽ അരിച്ചെടുത്തു മാറ്റുന്നതിനേക്കാൾ പുതിയൊരു പ്രൊഫൈൽ ആകും നല്ലത്… പക്ഷെ പുതിയൊരു പ്രൊഫൈലിന് നിൽക്കാത്തതിന് കാരണം ഇന്നിവിടെ ഉള്ള, ഞാൻ എഴുത്തുകൾ ഫോളോ ചെയുന്ന പലരും രണ്ടു വർഷം കൊണ്ട് ഒരുപാട് വളർന്നിരിക്കുന്നു.. ഒരുപക്ഷെ പലരുടെയും ഫ്രണ്ട് ലിസ്റ്റ് അയ്യായിരം കഴിഞ്ഞിട്ടുണ്ടാകാം.. പുതിയൊരു പ്രൊഫൈലിൽ നിന്ന് അവർക്ക് റിക്വസ്റ്റ് അയച്ചാലും കുമിഞ്ഞുകൂടിയ അനേകം സൗഹൃദാപേക്ഷകളിൽ നിന്ന് ഈയുള്ളവൾ മാഞ്ഞും പോയേക്കാം..
വാട്സാപ്പിൽ സജീവമല്ലാത്ത, ഫോണിൽ കാളുകൾ പ്രോത്സാഹിപ്പിക്കാത്ത, വീട്ടിൽ വിളിക്കാൻ മാത്രം ഒരു ബേസ് മോഡൽ ഫോൺ കയ്യിൽ കൊണ്ടുനടക്കുന്ന ഒരുവളുടെ ഓൺലൈൻ സമൂഹത്തോടുള്ള ഇടപഴകൽ ഇവിടെ ഈ ഫേസ്ബുക്കിലെ കമന്റ് ബോക്സിലും മെസ്സഞ്ചറിലും ഒതുങ്ങുകയാണ് പതിവ്.. അതും ലൈക്കിനും കമന്റിനും വേണ്ടിയല്ല, സമൂഹാവബോധം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിമാത്രം.. അതുകൊണ്ട് സ്നേഹിക്കുന്നവരെ, അതിപ്പോൾ ഞാൻ സ്നേഹിക്കുന്നവരായാലും എന്നെ സ്നേഹിക്കുന്നവരായാലും, അവരെ നഷ്ടപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ട് മാത്രമാണ് ഇന്നും ഇവിടെ തുടരുന്നതെന്നറിയുക..
ഓം നമോ നാരായണായ..?
~Vishnupriya