14-November-2019

14-November-2019

പ്രണയമാണിവൾക്കു ജീവിതത്തോട്.. അതുകൊണ്ട് തന്നെയാകണം, ജീവിതം വരുതിയിൽ നിൽക്കുന്നില്ലെന്ന് തോന്നിയ അവസരങ്ങളിലൊക്കെ അസ്വസ്ഥയായിട്ടുണ്ട്.. മനസ്സും ശരീരവും ഒന്നുതന്നെയാണെന്ന തിരിച്ചറിവ് വരുന്നതു വരെ ശരീരത്തെ ശ്രദ്ധിക്കാൻ നിൽക്കാതെ മനസിനെക്കൊണ്ടുള്ള പരീക്ഷണങ്ങൾക്കു പിന്നാലെ ഭ്രാന്തിയെപ്പോലെ അലഞ്ഞിട്ടുണ്ട്.. രാത്രികളെ പകലും പകലുകളെ രാത്രിയുമാക്കിയിട്ടുണ്ട്..

എന്നാൽ, എന്തിനും ഏതിനും മടുപ്പിക്കുന്നൊരു നിശ്ചലാവസ്ഥയുണ്ട്, നമ്മെ തിരിഞ്ഞു നടക്കാൻ പ്രേരിപ്പിക്കുന്നൊരു ജഡാവസ്ഥ.. ഒരു കാലത്ത് പറന്നു നടന്നിരുന്ന മനസ്സും ശരീരവും കാലാന്തരത്തിൽ ശ്വാസോഛ്വാസം ചെയ്യുന്ന ജഡമായി മാറുന്നതറിഞ്ഞപ്പോൾ വഴികാട്ടുവാനായി കരഞ്ഞപേക്ഷിച്ചത് പ്രകൃതിയോട് തന്നെയായിരുന്നു..

മഹാഭിഷഗ്വരൻ തന്റെ പ്രിയദൂതനെ അയച്ച മണ്ണിലേക്ക് ഞാൻ നടക്കുന്നത് അങ്ങനെയായിരുന്നു.. സ്ഥൂലശരീരത്തോടെയിരിക്കുമ്പോൾ കാണണമെന്ന മോഹം സാധിച്ചില്ലായെങ്കിൽ പോലും ആ മണ്ണിൽ ഞാൻ കാലുകുത്തിയപ്പോഴേ താനിവിടെത്തന്നെയുണ്ടെന്ന ഉറപ്പുപോലൊരു ഇളംകാറ്റാണ് വരവേറ്റത്.. കാലങ്ങളുടെ അലച്ചിലും യാത്രാക്ഷീണവുമായി ഗുരുവിന്റെ മുന്നിലെത്തിയ ശിഷ്യയെപോലെ ആ മണ്ഡപത്തിലെ ജീവനുള്ള ചിത്രത്തിന് മുന്നിൽ നമ്രശിരസ്കയായി നിന്നപ്പോൾ എന്തുകൊണ്ടോ കണ്ണുനിറഞ്ഞു..

സ്വയം സമർപ്പിച്ചവൾക്ക് മുന്നിൽ ഗുരു തന്റെ പ്രിയശിഷ്യനെ തന്നെ കാണിച്ചുതരികയാണുണ്ടായത്.. ഗുരുവിനും ധന്വന്തരിക്കും പ്രദക്ഷിണം വെച്ചുകൊണ്ട് പ്രകൃതിയെ സ്വീകരിക്കുവാനുള്ള ഊർജം ഞാൻ കൈക്കൊണ്ടു.. ശേഷം മഹാവൈദ്യൻ കൈപിടിച്ചെഴുതിച്ച വിരൽത്തുമ്പിലൂടെ അനവധി നാമങ്ങളിൽ, രൂപങ്ങളിൽ, ഭാവങ്ങളിൽ, രസങ്ങളിൽ പ്രകൃതി സ്വയം എന്നിലേക്കിറങ്ങിവന്നു..

ഭാവനയല്ലാതെ യഥാർത്ഥജീവിതത്തിലെ സംഭവങ്ങൾ എഴുതാൻ സാധിക്കില്ലേ എന്നൊരു ചോദ്യം ഉള്ളിൽ കുടിയേറിയതുകൊണ്ടാകാം ഇന്നെന്റെ അക്ഷരങ്ങൾ ഈ കുറിപ്പായി രൂപാന്തരം പ്രാപിക്കുന്നത്.. ഒന്നോർത്താൽ രണ്ടു വാരങ്ങളിൽ ജീവിച്ചുതീർത്ത ഈ ഏകാന്തജീവിതത്തിലായിരിക്കും ഒരുപക്ഷെ കാലങ്ങൾക്ക് ശേഷം കുറെ ജീവിതങ്ങളെ ഒരുമിച്ചു കാണുന്നതും അറിയുന്നതും.. കുടിച്ചിറക്കിയ കയ്പ്പുരസങ്ങളെല്ലാംതന്നെ സ്നേഹത്താൽ മായ്ച്ചുകൊണ്ട് എന്റെ ദിനചര്യകളിൽ ശ്രദ്ധവെച്ചു ഒരനിയത്തിക്കുട്ടിയോടെന്ന പോലെ പെരുമാറിയ നാട്ടിൻപുറത്തെ നന്മകൾ..

വളപ്പിലെ ചെടികളും പൂക്കളും ധന്വന്തരിക്ഷേത്രത്തിലെ സ്ഥിരം വിരുന്നുകാരനായ കുഞ്ഞിപ്പൂച്ചയും, ക്ഷേത്രത്തിന്റെ പിന്നിലെ അഴിവാതിലിലൂടെ നോക്കിയാൽ കാണുന്ന തൊഴുത്തിലെ പശുക്കളും, ഉറക്കെ ശബ്ദമുണ്ടാക്കി യഥേഷ്ടം വിഹരിക്കുന്ന മയിലുകളും, വൈകുന്നേരങ്ങളിലെ ജടാമാഞ്ചിയുടെ മണവും, തറവാട്ടമ്മയുടെ ഉറക്കെയുള്ള നാമജപവും, ഗുരുവിന്റെ സമാധിമണ്ഡപവുമെല്ലാം എന്റെ നിത്യജീവിതത്തിന്റെ ഭാഗങ്ങളായിമാറിയതു ഞാൻ പോലുമറിയാതെയായിരുന്നു..

എന്റെ ആത്മീയത ജീവിതോന്മുഖമാണ്.. ഇന്നുവരെയുള്ള എന്റെ യാത്രകളൊന്നും തന്നെ മോക്ഷമെന്ന ലക്ഷ്യത്തിലേക്കുള്ളതായിരുന്നില്ല.. ജീവിതം ആസ്വദിക്കാൻ കഴിയാത്തവരുടെ ജീവനില്ലാത്ത ലക്ഷ്യമായിരുന്നു എന്നുമെനിക്ക് മോക്ഷം.. അതുകൊണ്ടുതന്നെയാകണം ജീവിതത്തിന്റെ അപാരമായ സൗന്ദര്യത്തോടു ഞാൻ ഭ്രാന്തമായ പ്രണയത്തിലായതും..

ആൾക്കൂട്ടത്തോട് ചേർന്നു നടക്കുന്ന ഒരുവൾ ഒരിക്കലും ആ ആൾക്കൂട്ടത്തിനപ്പുറം പോകുകയില്ല.. എന്നാൽ തനിയെ സ്വന്തം വഴി വെട്ടിത്തെളിച്ചു നടക്കുന്നവളെ സംബന്ധിച്ച് മറ്റാർക്കും കഴിയാത്തയിടങ്ങളിലെല്ലാം അവൾ എത്തിച്ചേർന്നിരിക്കും, മറ്റാരും ജീവിക്കാത്ത ജീവിതം അവൾ ജീവിച്ചിരിക്കും, കാലാന്തരത്തിൽ സ്വയം പ്രകൃതിയായി മാറിയിരിക്കും..

പ്രകൃതിയെന്ന മഹാശക്തി.. ശക്തിയെ പ്രണയിച്ചവനറിയാം, അവളിൽ നിന്നൊരു മടക്കം സാധ്യമല്ലെന്ന സത്യം.. അതേ, അവൾ തന്നെയാണ് പ്രകൃതി.. അവളെയും ധ്യാനിച്ച് അവൾക്കായി കണ്ണീർ പൊഴിച്ചുകൊണ്ടവളെ വക്ഷസ്സിൽ ധരിച്ചു വിരഹാഗ്നിമദ്ധ്യേ ജന്മാന്തരങ്ങളുടെ തപസ്സിലമരാൻ പോലും അവന് മടിയുണ്ടാകില്ല..

വിരക്തിയല്ല, മറിച്ച് ഉൾക്കാമ്പു നിറഞ്ഞ പ്രണയത്തോടെ മാത്രമേ കാശിയുടെ മണ്ണിലെനിക്ക് കാൽപാദമൂന്നുവാൻ സാധിച്ചിട്ടുള്ളു.. മഹാകാളിയോടുള്ള അടങ്ങാത്ത പ്രണയത്താൽ അവളുടെ പാദങ്ങളിൽ സ്വയം സമർപ്പിച്ചവനായിട്ടല്ലാതെ താരകമന്ത്രമോതി മോക്ഷത്തിലേക്ക് നയിക്കുന്ന മഹാകാലനെ മണികർണ്ണികയിലെ എരിയുന്ന ചിതയിൽ പോലും ഞാൻ ദർശിക്കാൻ ശ്രമിച്ചിട്ടില്ല.. അതേ, ഞാൻ ഒരിക്കലുമൊരു മോക്ഷാർത്ഥിയല്ല..

നാം സ്പർശിക്കുന്ന ഓരോ ജീവിതത്തിലും ഒരു നല്ല മാറ്റമുണ്ടാകണം എന്ന് ചിന്തിച്ച ഒരുവളുടെ ജീവിതം മാറ്റിമറിക്കുവാൻ സഹായിച്ചുകൊണ്ട്, ജീവിതത്തെ പ്രണയിച്ചുതീരുന്നതിനു മുമ്പേ കളഞ്ഞുപോയെന്നു കരുതിയ മനസിന്റെയും ശരീരത്തിന്റെയും താക്കോൽ തിരിച്ചുതന്നുകൊണ്ട്, വാർദ്ധക്യത്തെ അതിജീവിക്കുവാൻ എന്നും ഇളയവരോട് കൂട്ടുകൂടണമെന്ന ഗുരുവിന്റെ നിർദേശം ഉപദേശമായി ചൊല്ലിത്തന്നു നടന്നു നീങ്ങിയ ഒരു മുതിർന്ന സൗഹൃദത്തെ കൂടി ഞാൻ ഈ പടിയിറങ്ങുമ്പോൾ അനുവാദം ചോദിക്കാതെ കൂടെ കൊണ്ടുപോകുന്നു..

അതേ, പ്രണയമാണിവൾക്കീ ഭൂമിയോട്.. ബാല്യം മുതൽ പൂന്താനപ്പാനയിൽ കേട്ടുശീലിച്ച വരികൾ – വിശ്വനാഥന്റെ മൂലപ്രകൃതി താൻ പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്..
അതേ, സ്വർഗം എന്നൊന്നുണ്ടെങ്കിൽ അത് ഇവിടെയാണ്, ഇവിടെയാണ്, ഇവിടെയാണ്..
കാല കാല മഹാകാല വിരചിതം പ്രപഞ്ചം.. ❤️
നമഃശിവായ.. ❤️

~Vishnupriya

[NB: ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഒരു സമ്മാനമായി ഞാനെന്റെ വരികളെ കുറിക്കുന്നത്.. എന്റെ വാക്കുകളിൽ എന്റെ സമയമുണ്ട്, എന്റെ ഊർജമുണ്ട്, കൂടെ ഞാനുമുണ്ട്.. അതിനാൽ തന്നെ സത്യവും ഭാവനയും കൃതാർത്ഥതയും ചേർന്നൊരു കുറിപ്പായി മാറിയപ്പോൾ അതിന്റെ നീളം കൂടിപ്പോയതിൽ ക്ഷമ ചോദിക്കുന്നു..]