എന്റെ യാത്രകളിൽ എന്നും തേടിയലഞ്ഞത് എന്തെന്ന് നിശ്ചയമില്ലെങ്കിലും അറിയാൻ സാധിച്ചിട്ടുണ്ട് പലരെയും.. പക്ഷെ എല്ലാത്തിൽ നിന്നും വ്യത്യസ്തമായി ആ ഒരാളുടെ കാലടികൾ പിന്തുടർന്നുള്ള യാത്രക്കായി ഞാൻ ക്ഷണിക്കപ്പെട്ടതായിരുന്നു..
ജന്മഭൂമി വിട്ട് കാതങ്ങൾക്കകലേക്ക് പറിച്ചുനട്ടവൻ തന്റെ ബാല്യം ചിലവിട്ട മണ്ണിലൂടെ ഞാൻ നടന്നു.. ആ ഭൂമിയിൽ കേട്ടറിഞ്ഞപോലെ പാൽപ്പുഴ ഒഴുകിയിരുന്നില്ല, എങ്കിലും സ്വദേശികളും പരദേശികളുമായ ജനങ്ങൾ ഭക്തിയിൽ ഉന്മാദം കൊണ്ട് നിറങ്ങളിൽ മതിമറന്നാടുന്ന ക്ഷേത്രങ്ങൾ ഞാൻ കണ്ടു..
കോലാഹലങ്ങൾക്കിടയിലും അവിടെയാരും അവനെ ഓർക്കുന്നതായി ഞാൻ കണ്ടില്ല, പക്ഷെ അവർ അവന്റെ പ്രണയിനിയുടെ നാമം മധുരമായുച്ചരിച്ചു മധുരം വിളമ്പിയിരുന്നു..
ഉള്ളിൽ മോഹമോ ശോകമോ എന്ന് മനസിലാക്കാൻ സാധിക്കാത്തവണ്ണം അവിടെ നദീതീരങ്ങൾ ഏകാന്തമായിരുന്നു.. അവിടങ്ങളിൽ ആരുടേയും കാൽപ്പാദങ്ങൾ ഞാൻ കണ്ടതേയില്ല..
എന്തുകൊണ്ടിങ്ങനെ എന്നത് ചിന്തിച്ചിരുന്നപ്പോൾ വീണ്ടും ആ ജീവചരിത്രം ഉൾമനസിൽ തിരഞ്ഞുനോക്കി.. അതേ, അവനവിടെ നിന്ന് ജന്മഭൂവിലേക്ക് യാത്ര തിരിച്ചിരുന്നു, തന്റെ കർമ്മകാണ്ഡത്തിനായി.. ഇനിയിവിടെ തിരഞ്ഞിട്ടു കാര്യമില്ലെന്നറിഞ്ഞു ഞാൻ മടങ്ങി..
ഒടുവിൽ അവിടെ പോയി കാത്തിരുന്നു മുഖം കണ്ടപ്പോൾ ചോദിച്ച ചോദ്യവും എന്തുകൊണ്ടിങ്ങനെ എന്നായിരുന്നു.. നോക്കേണ്ടിടങ്ങളിൽ നോക്കിയില്ലല്ലോ എന്നു സൗമ്യമായി ഉത്തരം തന്നതിന് ശേഷം ചൂണ്ടിക്കാണിച്ചയിടത്തേക്ക് നടന്നു.. യമുനയുടെ തെളിനീർ കൈക്കുമ്പിളിൽ എടുത്തു ഒരു നിമിഷത്തേക്ക് കണ്ണടച്ച് നിന്നു..
ആ ഇളംതണുപ്പ് പകർന്നു തന്നതും ഒരു വിരഹത്തിന്റെ കഥ തന്നെയായിരുന്നു.. ഓർമവെച്ച നാൾ മുതൽ പ്രിയപ്പെട്ടവരായി കണ്ടറിഞ്ഞവരെയെല്ലാം പിരിഞ്ഞു കർമഭാരങ്ങൾ ചുമന്ന കർമയോഗിയുടെ നെടുവീർപ്പ് തൊട്ടറിഞ്ഞപ്പോൾ എന്തുകൊണ്ടോ ഹൃദയം പിടഞ്ഞൊരു തുള്ളി കണ്ണുനീർ ആ ജലത്തിൽ വീണലിഞ്ഞു..
ഇനി പോകേണ്ടതെവിടെ എന്ന് ആരും പറയാതെ തന്നെ മനസിലായി.. പ്രകൃതിയാണ് ദൈവമെന്ന സിദ്ധാന്തത്തെ ഒരു ജനതക്ക് മനസിലാക്കിക്കൊടുത്തതിനു സാക്ഷ്യം വഹിച്ച പർവതത്തിന്റെ താഴ്‌വരയിലേക്കുള്ള ഗമനത്തിനു പക്ഷെ സമയം എനിക്ക് പരിധി നിശ്ചയിച്ചു..
അവിടേക്കായി ഇനിയൊരിക്കലെന്നു ചൊല്ലി എന്റെ ഹ്രസ്വമായ യാത്രയാവസാനിപ്പിക്കുമ്പോൾ ആ ജീവിതം ഒരു സത്യമായിരുന്നു എന്നതിന് ജീവിക്കുന്ന തെളിവുകൾ ലഭിച്ച കൃതാർത്ഥത ആയിരുന്നു.. എങ്കിലും.. “ഇന്നവയോര്‍മ്മമാത്രമെന്നറിയുന്നു ഞാന്‍.. ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും-
വേണ്ടതറിയുന്നു…”
~Vishnupriya