01-August-2019

01-August-2019

പലപ്പോഴും തനിച്ചിരിക്കുമ്പോൾ മനസ്സിൽ വരുന്ന ചിന്തകളിൽ പ്രഥമസ്ഥാനം ചില സുഹൃത്തുക്കൾ കയ്യടക്കാറാണ് പതിവ്.. ആണായും പെണ്ണായും കുറെ ഉണ്ടായിരുന്നു ഒരുകാലത്തു ഫ്രണ്ട് ലിസ്റ്റിൽ… മ്മടെ ഫ്രണ്ട്ഷിപ്പിന്റെ റേഞ്ച് അറിഞ്ഞുകൊണ്ട് തന്നെ കൂടെ നിന്ന കുറെയെണ്ണം… നട്ടപ്പാതിരക്ക് ഫോൺ ചെയ്തുണർത്തി ചീത്ത വിളിച്ചാലും പുലർന്നപാടേ എന്തെടി പറ്റിയെ എന്നു മെസ്സേജ് ഇട്ടിരുന്ന ടീംസ്.. എന്നിരുന്നാലും എന്റെ ഏകാന്തതകളിൽ എനിക്കേറ്റവും നഷ്ടബോധം സമ്മാനിച്ചിട്ടുള്ള എന്റെ പ്രിയപ്പെട്ട സുഹൃത്ത് അന്നും ഇന്നും ഒരാളാണ്.. അവനെ നാരായണൻ എന്ന് വിളിച്ചാണ് ശീലം.. ഒരു നീണ്ട ഓർമ്മക്കുറിപ്പാകട്ടെ ഇന്ന്..

ഒരിക്കലും ഞങ്ങൾ ഒരുമിച്ചു പഠിച്ചിട്ടില്ലെങ്കിലും നാല് വർഷത്തെ കോളേജ് ജീവിതത്തിനിടയിൽ ഞാൻ ഏറ്റവും കൂടുതൽ കേട്ട പേര് ഒരുപക്ഷെ അവന്റെ ആയിരിക്കും, അവൻ എന്റെയും.. അവന്റെ നാട്ടിലായിരുന്നു എന്റെ കോളേജ്, തിരിച്ച് എന്റെ നാട്ടിൽ അവന്റെ കോളേജും.. അതുകൊണ്ടുതന്നെ എന്റെ സ്കൂൾമേറ്റ്‌ അവന്റെ സുഹൃത്തായിരുന്നു, അതുപോലെ അവന്റെ സ്കൂൾമേറ്റ്‌ എന്റെയും.. അങ്ങനെ തമ്മിൽ കാണാതെ രണ്ടുപേരുടെയും രണ്ട് സുഹൃത്തുക്കൾ പങ്കുവെച്ച വിശേഷങ്ങളും കേട്ട് ഒരുപാട് പരസ്പരം മനസ്സിലാക്കിയവർ…

പഠനം കഴിഞ്ഞയുടൻ കൊച്ചിയിലൊരു ഐടി കമ്പനിയിൽ ഞാൻ ജോലിക്ക് ചേർന്ന കാലത്താണ് ആദ്യമായി നാരായണൻ എനിക്കൊരു മെസ്സേജ് അയക്കുന്നത്.. വേദനകളുടെ കൂമ്പാരത്തിനിടയിൽ ഏകയായി തപ്പിക്കൊണ്ടിരുന്ന എന്നോട് യാതൊരു മുഖവുരകളും കൂടാതെ “ഞാനില്ലെടോ” എന്ന ഒറ്റ വാക്ക് പറഞ്ഞവൻ.. ആ ഒറ്റ വാക്കിന്റെ ബലത്തിൽ ഞാൻ ജീവിച്ച നാളുകൾ ഉണ്ടായിരുന്നു എന്നത് ഉള്ളിൽ തൊട്ട സത്യം..

കൂട്ടുകാരുമായി കൊച്ചിയിൽ ജോലിയന്വേഷിച്ചു വരുമ്പോൾ സ്ഥിരമായി എന്നെ വിളിക്കാറുള്ള സ്കൂൾമേറ്റ്‌ന്റെ കൂടെ അത്തവണ നാരായണൻ കൂടി വരുന്നുണ്ടെന്നറിയിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി… അങ്ങനെ മറൈൻ ഡ്രൈവിൽ എല്ലാവരും ഒത്തുകൂടി തെക്കുവടക്കു നടന്നു ഐസ്ക്രീം തിന്നു സരിതയിൽ പോയി ട്രാഫിക് സിനിമ കണ്ടു ഒബ്‌റോൺ മാളിൽ തെണ്ടിത്തിരിഞ്ഞു കാക്കനാടേക്ക് മടങ്ങാൻ നേരം സന്ധ്യയായിരുന്നു.. നേരിയ മഴച്ചാറ്റലിൽ പാലാരിവട്ടം വരെ ഞങ്ങളെല്ലാവരും കൂടി തമാശ പറഞ്ഞു നടന്നപ്പോൾ തനിയെ റോഡ് ക്രോസ്സ് ചെയ്യാൻ പേടിയുള്ള എനിക്കായി കൈ നീട്ടിയത് അവനായിരുന്നു…

ഉള്ളം കൈ വിയർക്കുന്ന സ്വഭാവമുള്ളവൻ അന്നെന്നോട് പറഞ്ഞത് നിന്റെ കൈ മുഴുവൻ ഞാൻ നാശമാക്കിയല്ലോ എന്നായിരുന്നു.. ഇത്രയും ഫോർമാലിറ്റി വേണ്ടെന്നുപറഞ്ഞെന്റെ ഹാൻഡ്കർചീഫ് കൊണ്ട് ഞാൻ തന്നെ തുടച്ചുകൊടുത്ത ആ കൈ തന്നെയാണ് ഇന്നും എനിക്ക് സൗഹൃദത്തിന്റെ അടയാളം..

അവൻ നാലുവർഷം ചങ്കിൽ കൊണ്ടുനടന്ന പ്രണയം തകർന്ന വേദനയിൽ ഇരിക്കുന്ന കാലത്ത് ഒരിക്കൽ കൂടി അവനെന്നെ കാണാൻ വന്നിരുന്നു… ഒബ്രോൺ മാളിന്റെ മുകൾനിലയിലുള്ള ഫുഡ്‌കോർട്ടിന്റെ നീല ചില്ലുകൾക്കു പുറത്തുള്ള കൊച്ചി നഗരം നോക്കി ഇത്തിരി വാക്കുകളും ഒത്തിരി മൗനവുമായി കുറെ നേരം ഇരുന്നു പിരിഞ്ഞ ആ ദിവസമായിരുന്നു അവനെ ഞാൻ അവസാനമായി കണ്ടതും…

“നിന്നെ കെട്ടാൻ പോകുന്ന ആളെ എനിക്കറിയണം” എന്നും പറഞ്ഞ് ഏട്ടന്റെ കൂടെ പോയി താമസിച്ച് അദ്ദേഹം വെച്ചുണ്ടാക്കിയ കഞ്ഞീം പയറും കഴിച്ച് “നീ ധൈര്യമായി കെട്ടിക്കൊ, ഏട്ടൻ നിന്നെ നോക്കുമെന്ന് എനിക്ക് ബോധ്യപ്പെട്ടു” എന്ന് അഭിപ്രായം പറഞ്ഞവൻ.. അതിന് ശേഷം വീണ്ടും പഠിക്കാൻ പോകുകയും അവിടെന്നു തന്റെ ജീവിതസഖിയെ കണ്ടെത്തുകയും പഠനശേഷം വിവാഹിതനാവുകയും ചെറിയൊരു ജോലിക്ക് ചേർന്നതും ഒക്കെ ഞാൻ അകലെയിരുന്നറിഞ്ഞു.. നാലുവർഷങ്ങൾക്ക് മുമ്പൊരു നാൾ ഫേസ്ബുക്കിൽ ഓൺലൈൻ കണ്ടപ്പോൾ മറന്നോടാ എന്നൊരു ചോദ്യം വെറുതെ ചോദിക്കാൻ തോന്നി.. സംസാരിച്ചില്ലെന്നതിനർത്ഥം ഓർമയിൽ ഇല്ലെന്നാണോ എന്ന മറുചോദ്യമായിരുന്നു അന്നത്തെ മറുപടി.. അന്ന് പുതിയ ഫോൺ നമ്പർ വാങ്ങിയെങ്കിലും ഞാനൊരിക്കലും അവനെ വിളിച്ചില്ല..

കാലങ്ങൾക്കിപ്പുറത്ത് പറഞ്ഞറിയിക്കാനാവാത്ത സങ്കടം വന്നൊരു നാളിൽ പഴയ ചാറ്റ് നോക്കി അവന്റെ ഫോൺ നമ്പർ തേടിപ്പിടിച്ചു ഞാൻ വിളിച്ചപ്പോൾ എന്റെ വേദനകളെല്ലാം കണ്ണുനീരായി പെയ്തുതീരുന്നതുവരെ മറുതലക്കൽ മൗനമായിരുന്നവൻ കാത്തു.. ജോലിഭാരവും കുടുംബപ്രാരാബ്ധങ്ങളും കൊണ്ട് വലയുന്നവന് ഉണ്ണാനും ഉറങ്ങാനും കൂടി സമയമില്ലെന്നറിഞ്ഞപ്പോൾ ഒന്നും പറയാനുണ്ടായില്ല.. കാണാൻ വരണോ എന്ന് ചോദിച്ചപ്പോൾ “ഞാൻ അങ്ങോട്ടാണ് കാണാൻ വരേണ്ടത്, അതിനെനിക്ക് കഴിയുന്ന നാൾ വരെ നീ കാക്ക്” എന്ന മറുപടി തന്നത് അടുത്തകാലത്തൊന്നും പ്രവർത്തികമാക്കാനാകില്ലെന്ന് നന്നായി അറിയാമെങ്കിലും ആ മറുപടിയിൽ ഉണ്ടായിരുന്നു കാലങ്ങളോളം എനിക്കായി കാത്തുസൂക്ഷിച്ച സ്നേഹവും കരുതലും..

അവൻ കാരണം ഞാൻ ഒരിക്കലും കരഞ്ഞിട്ടില്ല… അന്നും ഇന്നും എന്റെ ദിനങ്ങൾ അവനെയോർക്കാതെതന്നെയാണ് കടന്നുപോയിട്ടുള്ളത്.. എന്നാൽ എന്റെ ഏകാന്തതയിൽ എനിക്ക് വാതോരാതെ സംസാരിക്കാനും, എന്റെ വേദനയിൽ മൗനമായി എനിക്ക് കൂട്ടിരിക്കാനും അവനുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഇന്നും ചിന്തിക്കുന്നുവെങ്കിൽ അത് തന്നെയാണെനിക്ക് സൗഹൃദം..

“എടി കുരിപ്പേ” എന്നെന്നെ സ്നേഹത്തോടെ വിളിച്ചിരുന്ന നാരായണൻ.. പോക്കിരിരാജയിലെ സലിംകുമാറിന്റെ പുസ്തകപ്പേരുകൾ സ്പോട്ടിൽ എടുത്തിട്ടിരുന്ന നാരായണൻ.. എന്തുവന്നാലും നമ്മള് രണ്ടാളും ഒരുമിച്ചു ഡൌൺ ആവാതെ നോക്കണം എന്ന് നിർബന്ധമുണ്ടായിരുന്ന നാരായണൻ.. അതുകൊണ്ടുതന്നെ പലപ്പോഴും “മാറിക്കൊണ്ട കുത്ത്, അഥവാ ആ കുത്ത് മാറിക്കൊണ്ടു” എന്ന് പറഞ്ഞു സ്വന്തം വേദനകൾ ചിരിച്ചുതള്ളാറുള്ള നാരായണൻ.. കൂടെയുണ്ടായിരുന്ന കാലമത്രയും എന്റെ കണ്ണിൽ ഒരു തുള്ളി വെള്ളം നിറയാതെ കാത്ത നാരായണൻ..

പ്രിയപ്പെട്ട നാരായണാ, ഈ കുറിപ്പ് ഞാനൊരിക്കലും നിനക്കയയ്ക്കില്ല.. എന്നാൽ എന്നെങ്കിലും എങ്ങനെങ്കിലും നീയിത് കാണാൻ ഇടയായാൽ നീ ചിരിക്കുന്ന വിഷാദഛായയുള്ള ചിരിയെനിക്ക് ഇപ്പോൾ ഇവിടെ കാണാം എന്ന് നീയറിഞ്ഞുകൊൾക…

ചുരുങ്ങിയ കാലം കൊണ്ട് ഒരു ജന്മത്തെ ഓർമ്മകൾ സമ്മാനിച്ച സൗഹൃദം മറ്റൊന്ന് എനിക്കുണ്ടായിട്ടില്ലെന്നു തന്നെ പറയാം.. ഏറ്റവും കുറച്ചു വാക്കുകൾ മാത്രമേ എനിക്കവിടെ പറയേണ്ടി വന്നിട്ടുള്ളൂ, കാരണം എന്റെ മൗനം വായിക്കാൻ അറിയുന്നവനായിരുന്നു നാരായണൻ.. അതുകൊണ്ടുതന്നെ ഞാൻ എന്റെ ജീവനോളം സ്നേഹിക്കുന്ന നാരായണാ, നീ എത്ര സുന്ദരമായി എന്റെ മൗനം വായിച്ചിരുന്നുവോ, അതിലും എത്രയോ മടങ്ങു സുന്ദരമായി ഞാൻ നിന്നെയറിയുന്നു.. ❤

വാൽക്കഷ്ണം : അടുത്തുവരുന്ന സൗഹൃദദിനത്തിനുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം തന്നെ പലരും തുടങ്ങിക്കഴിഞ്ഞിരിക്കും, എന്നാൽ എനിക്കെന്റെ സൗഹൃദത്തെ സ്മരിക്കാൻ ഇന്നീ ഓർമ്മക്കുറിപ്പ് മാത്രമേയുള്ളു.. കൃഷ്ണന്റെ കൂട്ടുകാരി കൃഷ്ണ എന്നപോലെ നാരായണന്റെ കൂട്ടുകാരി നാരായണി എന്ന അർത്ഥം മാത്രമേ ഈ പ്രൊഫൈലിലെ പേര് കൊണ്ട് ഉദ്ദേശിച്ചുള്ളൂ എന്ന സത്യം കൂടി അവസാനം വരെ വായിച്ചവർക്കായി ഇവിടെ വെളിപ്പെടുത്തട്ടെ.. ?