രുദ്രാക്ഷം

രുദ്രാക്ഷം

ഘോരതപസ്സിൽ മുഴുകി കാലമേറെ കഴിഞ്ഞെങ്കിലും ഞാനിന്നും തപിച്ചുകൊണ്ടേയിരിക്കുന്നു.. അഗ്നിപർവതത്തിനു സമാനമായുള്ള ഊഷ്മാവിലെന്റെ ശിരസ്സിലെ ഗംഗ പോലും ബാഷ്പീകരിക്കപ്പെടുന്നു…

നിന്നിലെ എന്നെ നീ എന്നിലാക്കി മറഞ്ഞിട്ട് കല്പാന്തങ്ങളായിരിക്കുന്നു.. നീയെരിഞ്ഞ താപത്തെ ചെറുക്കാനുള്ള തപം ഇന്നും എന്നെ തപിപ്പിക്കുന്നു.. ത്രിനേത്രാഗ്നിയിൽ ഇന്നിതുവരെയും എത്രയോ കാമന്മാർ ഭസ്മമായിക്കഴിഞ്ഞു.. താപത്താലിന്നീ ത്രിശൂലം പോലും ചുട്ടുപഴുത്തിരിക്കുന്നു..

ശിവാ… വീരരുദ്രന്റെ ബാഹ്യചക്ഷുസ്സുകളിൽ ജലം ഉറവയായ് പൊടിഞ്ഞു കാലമേറെ കഴിഞ്ഞിരിക്കുന്നു..
ശിവാ… അഘോരരുദ്രൻ അതിഘോരമായ ദുഃഖത്തിന്റെ സ്വരത്തിൽ എത്രയോ തവണ നിന്നെ വിളിച്ചിരിക്കുന്നു…
ശിവാ… കല്പാന്തരുദ്രനിൽ നിന്നുതിർന്ന മിഴിനീർമണികൾ ഇന്ന് രുദ്രാക്ഷമായുറഞ്ഞിരിക്കുന്നു..

അവ എന്നിൽ നിന്നും പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു.. രുദ്രന്റെ അക്ഷങ്ങളിൽ നിന്നുതിർന്ന താപകണങ്ങൾ എന്തുകൊണ്ടോ മൃദുലമല്ല, അവയുടെ നിറം ഇരുണ്ടതുമാണ്… എന്നാൽ നിനക്കുമാത്രം തിരിച്ചറിയാൻ കഴിയുന്ന അതിസ്നിഗ്ധമായ ഭസ്മഗന്ധവും പേറിയാണ് അവ നിന്നിലേക്ക്‌ പ്രയാണം ചെയ്യുന്നത്….

ശിവാ… അവയെ നീ സ്വീകരിക്കുക…
എന്നിലേക്കുള്ള വഴി അവയിൽ അന്തർലീനമെന്നു നീ അറിയുന്ന കാലത്തുമാത്രം അവയെ പ്രകാശം കാണിക്കുക… അതുവരെയ്ക്കും അവയെ നിന്റെ മുടിയിലൊളിപ്പിക്കുക….❤

~Vishnupriya