വിദ്യാലയം

വിദ്യാലയം

വിദ്യാലയം.. അക്ഷരങ്ങളെ പ്രണയിക്കാൻ തുടങ്ങിയതോടൊപ്പം കുറെയൊക്കെ ജീവിതം പഠിച്ചത് അവിടെനിന്നു തന്നെയായിരുന്നു എന്ന് തോന്നുന്നു.. ഇന്നേ ദിവസം ഒരു നീണ്ട ഓർമ്മക്കുറിപ്പ് തന്നെയാകട്ടെ..

ഏറെക്കുറെ ചെറുപ്പം തൊട്ടേ കേൾക്കാൻ തുടങ്ങിയ ഒരു വാചകമാണ് “നിനക്ക് വട്ടാണ്” എന്നത്.. സ്കൂൾ ജീവിതത്തിൽ ഒരുപാട് കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഓരോ ക്ലാസ്സിലും ഓരോരുത്തർ എങ്കിലും കൂടെ നടക്കാൻ വരുമായിരുന്നു.. ഹൈസ്കൂൾ ക്‌ളാസ്സിലെ കയ്യെഴുത്തുമാസികയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി ലൈബ്രറിയിൽ കുത്തിയിരുന്ന് സഹപാഠികളുടെ രചനകൾ തിരുത്തിയെടുത്തു ഫെയർ കോപ്പി എഴുതിയുണ്ടാക്കുന്നതിനിടയിലെ ചെറിയ ഇടവേളകളിൽ ആ ലൈബ്രറിയുടെ ഇരുണ്ട മൂലകളിൽ ഞാനൊന്ന് പരതാറുണ്ട്.. അന്വേഷണം പലപ്പോഴും സുഗ്രാഹ്യമായ ചെറിയ മനഃശാസ്ത്ര പുസ്തകങ്ങളിൽ എത്തിനിൽക്കുകയാണ് പതിവ്.. അവയെന്റെ ബാഗിൽ സ്ഥിരമായിത്തുടങ്ങിയതോടെ ഈയുള്ളവൾക്കും കിട്ടി ഒരു ബുദ്ധിജീവിക്കുപ്പായം..

ചാർത്തിക്കിട്ടിയ ബുദ്ധിജീവിക്കുപ്പായം കാരണം എനിക്ക് വട്ടാണെന്ന് എല്ലാവരും കരുതിയതിനാൽ ആവാം, ഒരു ഒമ്പതാം ക്ലാസ് ഒക്കെ എത്തിയതോടെ ബൗദ്ധികമായ കാര്യങ്ങൾ മാത്രം ചർച്ച ചെയ്യുന്നൊരു രോഗം ബാധിച്ചു.. എന്റെ മസ്തിഷ്കത്തിന്റെ പ്രായത്തിൽ അവിടെ സഹപാഠികൾ ഒന്നും ഇല്ലാത്തതുകാരണം ആകണം, സുഹൃത്തുക്കൾ പലരും സ്കൂളിലെ അധ്യാപകർ തന്നെ ആയിരുന്നു.. ഉള്ളതുപറഞ്ഞാൽ മാതാപിതാക്കളുടെ ഏകമകളായ എനിക്ക് സഹോദരസ്ഥാനത്തു കണ്ടു “ഏട്ടാ” എന്ന് വിളിക്കാൻ സ്വന്തന്ത്ര്യമുള്ള മാഷമ്മാര് വരെയുണ്ടായിരുന്നു അന്ന് സ്കൂളിൽ.. ഇവരോടൊക്കെ ഇത്ര അടുത്ത് സംസാരിക്കാറുള്ളതുകൊണ്ട് ഒപ്പമുള്ളവർക്ക് ലേശം പേടിയും വന്നുതുടങ്ങിയതോടെ ഫ്രണ്ട്ഷിപ്പ് എന്ന സംഗതിക്കൊരു തിരശ്ശീല വീണു..

അങ്ങനെ മനഃശാസ്ത്ര പുസ്തകങ്ങൾ വായിച്ചു, അധ്യാപകരോട് ഗൗരവമായ ചർച്ചകൾ ചെയ്തു, പഠിപ്പിൽ മാത്രം ശ്രദ്ധിച്ചു, കയ്യെഴുത്തുമാസികയും ശാസ്ത്രമേളയും മാത്രം എക്സ്ട്രാ കരിക്കുലർ ലിസ്റ്റിൽ ഉള്ള ബുദ്ധിജീവിയായി, അഞ്ചാം ക്ലാസ്സിലെ കുഞ്ഞിപ്പിള്ളേരോട് വാതോരാതെ വർത്തമാനം പറഞ്ഞു നടക്കുന്ന എനിക്ക് വട്ടാണെന്ന കാര്യത്തിൽ അവിടെ ആർക്കും സംശയം ഇല്ലാതായി.. “നിനക്ക് വട്ടാണ്” എന്ന് കേൾക്കുമ്പോൾ മുമ്പൊക്കെ എതിർത്തുസംസാരിക്കുമായിരുന്നെങ്കിലും പിന്നീട് ഞാനതിനെ അംഗീകരിക്കാൻ പഠിച്ചുതുടങ്ങി..

കുട്ടിയാവുമ്പഴേ മണ്ണിൽ കളിക്കാത്തതുകൊണ്ടാവണം, സ്കൂളിലെ പി റ്റി പീരീഡ് ഞാൻ വെറുത്തിരുന്നു.. ഗ്രൗണ്ടിൽ പോയാൽ കളിക്കണം എന്ന അലിഖിത നിയമത്തെ ശപിച്ചുകൊണ്ട് ഓരോ ആഴ്ചയും ഉള്ള ആ രണ്ടുമൂന്ന് മണിക്കൂർ കടന്നുപോയി.. പിന്നീട് പുസ്തകമെടുത്തു തണലത്തുപോയിരിക്കുന്ന റിസ്ക് ഞാൻ സ്വയം ഏറ്റെടുക്കുകയായിരുന്നു.. അങ്ങനെ ഒരുനാൾ നട്ടുച്ചനേരത്തെ മാർച്ച് പാസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി തക്കം പാർത്തിരുന്ന സമയം ബയോളജി ലാബിൽ ചെറുകഥാമത്സരം ഉണ്ടെന്ന് കേട്ട് ആദ്യമായി ഈയുള്ളവൾ ചെറുകഥയെഴുതാൻ കേറി.. അത് മാതൃഭൂമിയുടെ കുട്ടികൾക്കുള്ള മത്സരം ആയിരുന്നു എന്നുതന്നെ ഞാൻ അറിഞ്ഞത് എന്റെ ചെറുകഥ സ്വാതന്ത്ര്യദിനത്തിലെ സ്പെഷ്യൽ പതിപ്പിൽ അച്ചടിച്ചുവന്നപ്പോഴാണ്.. അതിന്റെ സമ്മാനം വാങ്ങാൻ വേണ്ടി കോട്ടക്കൽ വരെ പോയതൊക്കെ സുന്ദരമായ ഓർമ്മകൾ..

ആരോടും മിണ്ടാതെ ഒറ്റക്ക് നടക്കുന്നവരെ ചൊറിയാൻ അന്നേ ഇഷ്ടമായതുകൊണ്ട് സ്കൂളിലെ എന്റെ സ്ഥിരം ഇര കെമിസ്ട്രി മാഷ് ആയിരുന്നു.. ശാസ്ത്രമേളക്ക് കൊണ്ടുപോവുമ്പോൾ ഈ മാഷെന്താ മിണ്ടില്ലേ എന്നും ചോദിച്ചു കുറെ പിന്നാലെ നടന്നിട്ടുണ്ട്.. എന്നാൽ എൻ്റെ അത്ഭുതമെന്നു പറയട്ടെ, ചെറുകഥ അച്ചടിച്ചുവന്നതോടെ എന്നിലെ എഴുത്തുകാരിയെ തിരിച്ചറിഞ്ഞു എഴുത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി പ്രോത്സാഹിപ്പിച്ചത് അദ്ദേഹം തന്നെയായിരുന്നു.. ആരോടും അധികം സംസാരിക്കാത്ത അദ്ദേഹം കാലാന്തരത്തിൽ എന്നോട് വാചാലനാകുന്നതു കണ്ടിട്ട് സുന്ദരികളായ മിസ്സുമാർക്ക് അസൂയ ഉണ്ടായിരുന്നു എന്ന് ഞാൻ വളരെ വൈകിയാണ് അറിഞ്ഞത്.. ബാഹ്യസൗന്ദര്യത്തിൽ അന്നേ ശ്രദ്ധിക്കാത്ത ഞാൻ ഇങ്ങേരു സുന്ദരൻ ആണെന്ന് ആദ്യമായിട്ട് തിരിച്ചറിയുകയായിരുന്നു.. അതോടെ ടീച്ചർമാരെ വേദനിപ്പിക്കാതിരിക്കാൻ വേണ്ടി സ്റ്റാഫ് റൂം സന്ദർശനങ്ങൾ കഴിവതും ഒഴിവാക്കിത്തുടങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ.. സംശയങ്ങൾ സ്വയം ദൂരീകരിക്കാൻ പഠിച്ചത് അങ്ങനെയായിരുന്നു..

സ്കൂൾ കാലഘട്ടത്തിന്റെ അവസാനം ആയതോടെ എന്റെ ലോകത്ത് ഞാൻ മാത്രമായി തീരുകയായിരുന്നു.. എന്റെ എഴുത്തുകുത്തുകളിൽ ശ്രദ്ധിച്ചും പരീക്ഷക്ക് പഠിച്ചും പുസ്തകങ്ങൾ വായിച്ചും കാലക്ഷേപം ചെയ്തുപോന്ന കാലത്തിങ്കൽ പല ചെറുകഥാവേദികളിലും പങ്കെടുക്കാനുള്ള അവസരങ്ങൾ കൂടി കിട്ടിയിരുന്നു.. യുവജനോത്സവവേദികളിലെ വെള്ളം പോലത്തെ സാമ്പാറ് കൂട്ടി കഴിച്ച ചൂടുചോറിന്റെ രുചി ഇന്നും നാവിലുണ്ട്.. പത്താം ക്ലാസ്സിലെ കുറച്ചു മാസങ്ങൾ സ്കൂളിനോടടുത്ത കോൺവെന്റ് ഹോസ്റ്റലിൽ പോയി താമസിച്ചതും സിസ്റ്റർമാര് കഴിക്കുന്ന അതേ ഭക്ഷണം തന്നെ കഴിച്ചതും അന്നത്തെ കാലത്തു സസ്യഭോജിയായ എനിക്കായി അവിടത്തെ കുക്ക് പ്രത്യേകം ഉണ്ടാക്കിത്തന്നിരുന്ന വിഭവങ്ങളും രണ്ടുദിവസം കൂടുമ്പൊ ഉള്ള എന്റെ അലക്കൽ മഹാമഹം കണ്ടുചിരിക്കാനായി മിസ്സുമാർ അവരുടെ ഹോസ്റ്റലിന്റെ ജനവാതിൽ തുറന്നിരുന്നതും സന്ധ്യാസമയത്ത് അടുത്തുള്ള പള്ളിയിൽ നിന്ന് പതിവിലും വ്യത്യസ്തമായ ഈണത്തിൽ കേട്ടിരുന്ന ബാങ്ക് വിളിയും താഴ്ന്നുകൊണ്ടിരുന്ന അരുണസൂര്യനും ഇളംകാറ്റും ഒക്കെ ഇന്നും മനസിലെ മായാത്ത ഓർമകളാണ്..

അങ്ങനെ ജീവിതത്തിലെ ഓരോ ഹോസ്റ്റൽ വാസത്തിലും അടുത്തൊരു മരത്തോടോ മുന്നിൽ വിരിഞ്ഞ പൂക്കളോടോ സന്ധ്യാസമയത്തെ കാറ്റിനോടോ അങ്ങനെ പ്രകൃതിയിലെ ഏതെങ്കിലും ഒരു വസ്തുവിനോടെങ്കിലും അടുത്ത ബന്ധം പുലർത്താൻ എന്നെ പഠിപ്പിച്ചതും ആ സ്കൂൾ കാലഘട്ടം തന്നെയായിരുന്നു.. എന്നാൽ അവസാനമായി ഞാനൊരു യാത്ര പോലും പറയാതെ നടന്നകന്നതിനു ശേഷം ദിവസങ്ങൾ കഴിഞ്ഞൊരാൾ വീട്ടിലേക്ക് വിളിച്ചു എന്തെ നീ ഞാൻ സമ്മാനമായി വാങ്ങിവെച്ച പേന പോലും വാങ്ങാതെ പോയി എന്ന് പരിഭവം പറഞ്ഞപ്പോൾ തോന്നിയ സങ്കടം ഇന്നും മനസിനെ നോവിക്കുന്നു.. പിന്നീടുള്ള ഒരു ഹോസ്റ്റൽ ജീവിതത്തിലും ഒപ്പമുള്ളവരോട് പറഞ്ഞുപോകേണ്ട മര്യാദ ഞാൻ പാലിച്ചിട്ടില്ലെന്നും ഇന്ന് ഞാനോർക്കുന്നു.. “എന്തെ നീ പറയാതെ പോയി, ഞങ്ങളെയൊക്കെ അത്രയേ നീ കണക്കിലെടുത്തുള്ളൂ അല്ലെ” എന്നും പറഞ്ഞു സുഹൃത്തുക്കളെല്ലാം വഴക്കുപറഞ്ഞകന്നപ്പോഴും ഞാൻ ചിരിക്കുകയാണുണ്ടായത് ..

അന്ന് ഞാൻ മുഖം കൊടുക്കാതെ പോന്നതിനു ശേഷം പിന്നീടിന്നു വരെ ഒരിക്കൽ പോലും എനിക്ക് കാണാൻ സാധിക്കാത്ത ആ പഴയ മാഷിനെ ഇന്ന് ഓർക്കാൻ കാരണവും സ്കൂളിൽ ഇന്നുണ്ടെന്നറിഞ്ഞ ഗെറ്റ് ടുഗെതർ ആയിരുന്നു.. നീ പോകുന്നില്ലേ എന്ന് അമ്മ ചോദിച്ചപ്പോൾ “മാഷില്ലാതെ എന്ത് സ്കൂൾ” എന്ന് മറുപടി പറഞ്ഞു ഞാൻ എന്റെ വായനയിൽ മുഴുകിയത് ആ പഴയ നോവിന്റെ ഓർമ കൊണ്ടുതന്നെയാവണം.. അതെ, അക്ഷരങ്ങളോടുള്ള അഗാധമായ പ്രണയത്തിൽ പലപ്പോഴും സ്വയം മറന്നുപോകുമെങ്കിലും ഞാനുമൊരു സാധാരണക്കാരി തന്നെയാണ്. ഈ ചെറിയ ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയവരെ പോലും ഒരുപാട് സ്നേഹിക്കുന്ന, എന്റേതായ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും കുഞ്ഞു കുഞ്ഞു നോവുകളും ഒക്കെ മനസ്സിൽ ഒരുപാടു താലോലിക്കുന്ന, ഗതകാലസ്മരണകളിൽ നിന്ന് ഇനിയും മടങ്ങിപ്പോന്നിട്ടില്ലാത്ത ഒരു സാധാരണക്കാരി..?