മണികർണികാ

മണികർണികാ

കാശിയെന്ന പ്രണയത്തെ എന്നോ വാക്കുകളായി പകർത്തിയപ്പോൾ ആരോ ചോദിച്ച ചോദ്യം – കാശിക്കൊരു വിരഹത്തിന്റെ കഥയുണ്ട്, എഴുതുമോ… കേട്ടപാതി കേൾക്കാത്തപാതി പത്തു തലയുള്ള അഹം ശരിയെന്നുത്തരം നൽകിയത് ഞാൻ പോലുമറിഞ്ഞില്ല..

“അന്നു തൊട്ടിതുവരെ മനസ്സിൽ കെടാത്തൊരു കനലായായെരിഞ്ഞൊരാ വിരഹമാം ബീജമോ,
മുളപൊട്ടി തളിരിട്ടു പൂത്തുവിരിയുമെന്നോർത്തു ജീവിച്ച കിനാക്കളിൽ നിന്നു ഞാനുണരവെയാരാഞ്ഞു –

എന്നും മഹാകാലവിരഹം രചിച്ചൊരാ ശക്തിയെ തിരയുന്നുവോ നീ?
ദക്ഷിണ ദേശമമർന്നവളെ തേടിയലയും കിരാതനെ പോലെ..
എന്നുടെ വാക്കിനു നിന്നാലെ കല്പിതമായൊരു മൂല്യമോ മൗനം??”

വിലാപച്ഛവിയാർന്ന സമസ്യകൾക്കൊടുവിൽ തന്റെ ഘനഗംഭീരമായ മൗനം ഭഞ്ജിച്ചവൻ മൊഴിഞ്ഞതോ, ഒരേയൊരു വാക്ക് – “മണികർണ്ണികാ”…

കാരണം കണ്ടെത്തുവാൻ മൗനശാസനം നൽകി അവൻ വീണ്ടും ധ്യാനത്തിലമരുന്നു.. എന്റെ അശ്രുക്കൾ അവന്റെ പാദത്തിൽ ഗംഗയായൊഴുകുന്നു…

“ഹേ മഹാകാല, നിൻ പ്രണയത്തെയറിയിച്ചപോലെനിക്കോതുക തീവ്രമാം വിരഹത്തിൻ ഗാഥ..”

മണികർണ്ണികാ…
മണികർണ്ണികാ…
മനനം…
മനക്കണ്ണിൽ അവനാ ദൃശ്യം പകർന്നു തരുന്ന അനുഭൂതി.. കൂടെ ആദിനാഥന്റെ ആദിനാദവും…

പ്രിയേ, നിയോർക്കുന്നുവോ, എന്നോട് ചേർന്നു നിന്നപ്പോഴെല്ലാം എന്റെ നെഞ്ചിൽ സ്പർശിച്ചിരുന്ന നിന്റെ കർണാഭരണങ്ങളെ… അവയെന്റെ മിടിപ്പറിഞ്ഞവയായിരുന്നില്ലേ.. അതേ, എനിക്കേറ്റം പ്രിയങ്കരം മണികർണ്ണികാ..

അന്നെന്റെ വാക്കുകൾക്ക് ചെവികൊടുക്കാതെ നീ അഗ്‌നിയിലമർന്നശേഷം എന്റെ സ്വരങ്ങൾക്കന്യമായ നിന്റെ കർണപുടം സോദരായുധത്തിനാൽ ഖണ്ഡിക്കപ്പെട്ടു ചെന്നുവീണിടം… മണികർണ്ണികാ…

അവിടെ ഞാനെന്റെ വാസസ്ഥലമൊരുക്കി.. എന്റെ ദേഹത്ത് ധരിക്കാനുള്ള ഭസ്മമെടുക്കുന്നതു നിന്റെ കർണ്ണാഭരണം പതിച്ച മണ്ണിൽ കൂട്ടിയ ചിതകളിൽ നിന്നാകട്ടെ..

“അഗ്‌നിയിലമരുന്ന ദേഹത്തിനുടമയാം ദേഹി തൻ കർണ്ണത്തിൽ താരകാമന്ത്രമായ്,
സംസാരസാഗരം നീന്തിക്കരേറവേ തെളിയുന്ന പൊരുളായി ചേർന്നിരിക്കുന്നു ഞാൻ.. “

അതേ പ്രിയേ, മഹാദേവന്റെ പ്രണയം എന്നും വിരഹത്തിലലിഞ്ഞതായിരുന്നു.. കാലാകാലങ്ങളായി നമ്മുടെ യോഗത്തിൽ സൃഷ്ടിയും വിരഹത്തിൽ സംഹാരവും നടന്നുകൊണ്ടിരിക്കുന്നു.. തുടർന്നു വിരഹത്തിൽ സൃഷ്ടിയും യോഗത്തിൽ സംഹാരവും ഭവിക്കുന്നു… എല്ലാംതന്നെ, ശക്തിമയം ശിവശക്തിമയം..

അപ്രകാരം അവൻ വ്യക്തമാക്കിത്തന്നു തന്റെ ഗഹനമായ മൗനത്തിന്റെ സാരം.. നിതാന്തമായ വിരഹം പേറുന്നവന്റെ വിരഹത്തെക്കുറിച്ചെഴുതാനിരുന്ന അവിവേകത്തെയോർത്തു കണ്ണീരൊഴുക്കി ഞാനെന്റെ അഹന്തയുടെ ശിരസ്സുകൾ അഗ്‌നിയിൽ ഹോമിക്കട്ടെ..

കാലകാല മഹാകാല വിരചിതം കാലം..
നമഃ പാർവ്വതീപതയെ ഹര ഹര മഹാദേവാ..❤❤

~Vishnupriya

വാൽക്കഷ്ണം : ഇതിൽ പറഞ്ഞവയൊക്കെ അർത്ഥവും വ്യാകരണവും ആത്മീയവശങ്ങളും ഒന്നുമില്ലാത്ത വെറും ഭാവന.. ഈയുള്ളവളുടെ ചോദ്യത്തിന് ഉത്തരമായി മഹാദേവൻ കാണിച്ചു തന്ന ദൃശ്യത്തെ മാത്രം ആസ്പദമാക്കി എഴുതിയ കേവലം കൽപ്പനകൾ..

കടപ്പാട് : മനസിലുള്ള വിരഹത്തിന്റെ ആ ബീജത്തെക്കുറിച്ചു വേദനയോടെ അറിയിച്ചപ്പോൾ ഇന്നിതെഴുതി തീർക്കാൻ സാധിക്കുമെന്ന് ചൊല്ലി കിരാതമൂർത്തിയുടെ ചിത്രം തന്നു ഊർജം പകർന്ന പ്രിയ സുഹൃത്തിന്.. അതോടൊപ്പം തന്നെ വിരഹത്തിന്റെ കഥയെഴുതാൻ ആവശ്യപ്പെട്ട സോദരിക്കും ഞാൻ പോലുമറിയാതെ ഈ ഫോട്ടോ എനിക്കായി പകർത്തിയ പ്രിയങ്കരിയായ സുഹൃത്തിനും എന്റെ നമോവാകം.. ?