കർക്കടകത്തിന്റെ നിറം കാർമേഘങ്ങളുടെ ശ്യാമവർണമാണ്.. കാളിമയോടുള്ള എന്റെ പ്രണയമാണ് കർക്കിടകം… എന്റെ ബാല്യത്തിന് നീന്തിരസിക്കാനായി വീട്ടുമുറ്റത്തെ കുളം നിറച്ചു തന്ന എന്റെ കർക്കിടകം.. ജനാലപ്പടിയിൽ നിന്ന് പുറത്തേക്കു കൈനീട്ടുമ്പോൾ എന്നും എന്റെ വിരൽത്തുമ്പു നനച്ച സ്പർശമാണ് കർക്കിടകം..
പെയ്യാനൊരുമ്പെട്ടു നിൽക്കുന്ന ആകാശത്തെ വകവെക്കാതെ സന്ധ്യക്ക് മേല്കഴുകി ഭസ്മം തൊട്ടു കൂട്ടുകാരുമായി അമ്പലത്തിലേക്ക് ഓടിയ, മഴവെള്ളം കെട്ടിനിൽക്കുന്ന ഇടവഴികളാണെനിക്ക് കർക്കിടകം.. പ്രായമായവർ അന്നന്നത്തെ രാമായണം വായിച്ചു തീർന്നാൽ ഉച്ചഭാഷിണിയിലൂടെ കൂട്ടുകാരോടൊത്തു ചൊല്ലാൻ വേണ്ടി ചിട്ടപ്പെടുത്തിയ നാമകീർത്തനങ്ങളുടെ ഈണമാണ് കർക്കിടകം.. അങ്ങനെ ബാല്യവും വാർദ്ധക്യവും ഭേദമില്ലാതെ ഉത്സവമാക്കിയ രാമകഥയുടെ പവിത്രതയാണ് കർക്കിടകം..
അമ്പലപ്പറമ്പിലെ മഴ പെയ്തു നനഞ്ഞ മണ്ണിൽ വീണടിഞ്ഞ പുളിയിലകൾക്കിടയിൽ നിന്ന് തിരഞ്ഞുപെറുക്കിയെടുത്തു കഷ്ണങ്ങളാക്കി പങ്കിട്ടെടുത്ത ഇളം പ്രായത്തിലുള്ള അരിപ്പുളിയുടെ രുചിയാണ് കർക്കിടകം.. കീർത്തനങ്ങൾ കഴിഞ്ഞു മംഗളംചൊല്ലി നിർത്തി ദീപാരാധനയ്ക്കു ശേഷം ഇലയിൽ വിളമ്പിയ പായസത്തിന്റെ മധുരമാണ് കർക്കിടകം..
കാടുപിടിച്ചു വളർന്ന രാമതുളസിയുടെ സംരക്ഷണത്തിൽ കൊതുകില്ലാതെയുറങ്ങിയ മഴയുള്ള രാത്രികളാണെനിക്ക് കർക്കിടകം.. മഴ പെയ്തു തോർന്ന പുലർക്കാലങ്ങളിൽ ഞെട്ടിയുണരുമ്പോൾ എനിക്കൊപ്പം അകലെ നിന്നിരമ്പുന്ന കടലിന്റെ മനസ്സാണ് കർക്കിടകം..
അതേ, എന്നുമെനിക്ക് ഏറ്റവും പ്രിയപ്പെട്ട മലയാളമാസം വറുതിയുടെ മാസമായ കർക്കിടകം തന്നെ.. ഇക്കുറി കർക്കിടകം തന്റെ മഴത്തുള്ളികളെ ഇടമുറിയാതെ പെയ്യിച്ചു മണ്ണിൽ ചേർത്ത ഈ ദിനം തന്നെ ബാല്യകാലസ്മരണകൾ അക്ഷരങ്ങളായ് ഉണരുന്നു.. ❤❤
~Vishnupriya
Photo Courtsey : അന്തി മഹാകാളൻ