ഗ്രഹണശേഷം കുളിച്ചിറങ്ങിപ്പുറപ്പെട്ടത് ഇത്തവണ ഇവിടേക്കാണ്.. കർക്കിടകം ഒന്ന്.. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം..
ആരുമില്ലാത്ത ധ്യാനഹാളിൽ ഒന്ന് വലംവെച്ചിറങ്ങി ബുക്ക്‌സ്റ്റാളിൽ കുറെ തിരഞ്ഞപ്പോൾ ഹരിനാമകീർത്തനം വ്യാഖ്യാനം കയ്യിൽ തടഞ്ഞു.. അതും വാങ്ങി മടങ്ങാൻ ഒരുങ്ങുമ്പോൾ വെറുതെ ചുറ്റുമൊന്നു നടന്നു നോക്കാമെന്നു കരുതി..
അതാ പച്ചിലകൾക്കിടയിൽ ചിരപരിചിതമായൊരു ത്രിപുണ്ഡ്രം.. ഒരിടത്ത് ആരാലും ശ്രദ്ധിക്കപ്പെടാത്തൊരാൾ ധ്യാനത്തിലമർന്നിരിക്കുന്നു.. ?❤
ചിന്തകൾ..
ഭോലേനാഥ്.. സാധാരണക്കാരന്റെ ദൈവവും സാധാരണക്കാരൻ തന്നെ.. അതുകൊണ്ടവൻ ഉത്തരേന്ത്യയിൽ ഭോലേനാഥ് എന്നറിയപ്പെട്ടു..
മലയാളനാട്ടിൽ സാധാരണക്കാരന്റെ കൂടെ കാടേറി മലയേറി അവനെപ്പോലെ കള്ളും കോഴിയും കഴിച്ചു മുത്തപ്പനായി ഭൈരവസങ്കല്പത്തിന്റെ അടയാളമെന്നവണ്ണം ജടാധാരിയായി ശ്വാനസംഘത്തോടൊപ്പം അവൻ ഊര് ചുറ്റി..
ചിന്തയിൽ നിന്നുണർന്നു നന്ത്യാർവട്ടത്തിനു പിറകിൽ മറഞ്ഞിരിക്കുന്ന ആളെ മാത്രം മൊബൈൽ ക്യാമറയിൽ പകർത്തി അവിടെ നിന്നും മടങ്ങുമ്പോൾ ബസിന്റെ അരികിലെ സീറ്റും വെയിൽ മങ്ങിയ മാനവും കാവാലത്തിന്റെ ശബ്ദത്തിൽ ഗോപികാദണ്ഡകം കവിതയും..
ഇന്നലെ വൈകീട്ട് ശീപോതിയെ ഉള്ളിൽ കുടിവെച്ചതിൻ ശേഷം ഇന്നിനി ശാരികപ്പൈതലിൻ കിളിക്കൊഞ്ചലിന്റെ ലോകത്തേക്കുള്ള യാത്രക്കായി ഞാൻ വീടണയട്ടെ..
നമഃശിവായ.. ❤❤
~Vishnupriya