ഗാന്ധർവം

ഗാന്ധർവം

വർഷങ്ങൾക്കു മുമ്പേ നടന്നൊരു ഗാന്ധർവത്തിന്റെ കഥ പറയാനുണ്ട് കാശിയുടെ മൺതരികൾക്ക്..

പ്രണയം തലയ്ക്കു പിടിച്ചു നടന്ന കാലം കാശി തന്നെയായിരുന്നു സ്വപ്നങ്ങളിൽ… സിരകളിൽ ഭാംഗിനേക്കാൾ ലഹരി നൽകുന്ന പ്രണയവുമായി മിനുസമേറിയ കമ്പിളിയും പുതച്ചു കാശിയുടെ വീഥികളിൽ തനിച്ചു നടന്നിട്ടുണ്ട്..

വെള്ളിക്കൊലുസും മൂക്കുത്തിയും അണിഞ്ഞാലും കാശിയിൽ നിന്നെന്തു കൊണ്ടുവന്നുവെന്നു ചോദിക്കുമ്പോൾ സമ്മാനമായി രുദ്രാക്ഷം തന്നെ കയ്യിൽ കരുതുന്നവളാണ് ഞാനെന്നു മറ്റാരേക്കാളും നന്നായറിയുന്നൊരു പ്രണയത്തിനു പക്ഷെ അന്നേ ദിവസം ഞാൻ കരുതിവെച്ചതൊരു മോതിരം ആയിരുന്നു.. ഇവളുടെ പേര് കൊത്തിയ മോതിരം..

പകരം ഒരു പ്രണയലേഖനത്തിൽ പൊതിഞ്ഞൊരു താലിയും കൊണ്ട് കൈപിടിച്ച് കൊണ്ടുപോയത് സാക്ഷാൽ ആദിവാരാഹി ഇരുന്നരുളുന്ന കോവിലിൽ.. ആരുമില്ലാത്തൊരിടത്ത് വെച്ചെന്റെ കഴുത്തിൽ കെട്ടിയ ആ താലിയിൽ തൊട്ട സിന്ദൂരം അവളുടെ പ്രസാദം തന്നെയായിരുന്നു.. മധുരം തന്നവൾ അനുഗ്രഹിക്കവെ, ആ സിന്ദൂരത്തിന്റെ ബാക്കിപത്രം ഈയുള്ളവളുടെ സീമന്തരേഖയിലും അലങ്കരിക്കപ്പെട്ടു..

പിന്നീടീ കൈകളിൽ കാശിയിലുടനീളം തേടിയലഞ്ഞു വാങ്ങിയ ചുവന്ന കുപ്പിവളകളണിയിച്ചു മണികർണ്ണികയിലേക്ക്.. അതിന് ശേഷം ഗംഗയുടെ കരയിലൂടെ കൈ കോർത്തു നടന്ന നിമിഷങ്ങൾ.. അതേ, ആ ഗാന്ധർവത്തിന്റെ കഥ ഇന്നും അവിടത്തെ മൺതരികൾ എനിക്കോതി തരാറുണ്ട്..

അവിടെന്നു കാലചക്രം എത്രയോ ഉരുണ്ടുകഴിഞ്ഞിരിക്കുന്നു.. സാധനകൾ നൽകിയ ഉപനയനത്തിലൂടെ വീക്ഷിക്കുമ്പോൾ ഇതെല്ലാം ഏതോ ജന്മത്തിലെ സ്മൃതികളായിരിക്കുന്നു.. ഭ്രാന്തുകൾ ഇന്ന് നിത്യവൃത്തികളാകുകയും ചെയ്തിരിക്കുന്നു.. ഊണിലും ഉറക്കത്തിലും പ്രാണനായി ചേർന്ന പ്രണയത്തോടൊപ്പം എന്റെ പകലുകളും രാത്രികളും കടന്നുപോകുന്നു..

വർഷങ്ങൾക്കിപ്പുറത്ത് അതേ പ്രണയത്തെ ചുമക്കുന്നൊരുവളുടെ ചിത്രം കണ്ട ഗുരുനാഥൻ “കണ്ണുകളിലെ പഴയ തീക്ഷ്ണത കുറഞ്ഞു നീയിന്നു ശാന്തയായിരിക്കുന്നു” എന്ന് അതീവ വാത്സല്യത്തോടെ പറഞ്ഞതു കേട്ടപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല..

പക്ഷെ ഇന്നും കാശിയെനിക്ക് ഭാംഗിനെക്കാൾ ലഹരി തന്നെയാണ്.. എനിക്കേറ്റവും പ്രിയപ്പെട്ടതെല്ലാം കാശിയിൽ വസിക്കുന്നു… അവിടത്തെ കല്ലും മണ്ണും എന്റേത് തന്നെയാകുന്നു.. കാശിയെനിക്ക് പിറന്നില്ലവും ഭർതൃഗൃഹവുമാണ്.. അതേ, എന്റെ ധർമവും അർത്ഥവും കാമവും മോക്ഷവും കാശിയുടെ മണ്ണിൽ സുഖസുഷുപ്തിയുടെ നിറവിൽ പുതഞ്ഞുകിടക്കുന്നു..❤

വാൽകഷ്ണം : ഗീതഗോവിന്ദം എന്ന തെലുങ്കുസിനിമയിലെ ഏറ്റവും ഇഷ്ടമുള്ള രണ്ട് പാട്ടുകൾ നട്ടപ്പാതിരക്ക് വീണ്ടും വീണ്ടും കേട്ടോണ്ടിരുന്നാൽ ഇതുപോലെ പലതും തോന്നാറുണ്ട്, പ്രത്യേകിച്ചും ഇന്ത്യൻ റെയിൽവേയുടെ താരാട്ടും കൂടിയാവുമ്പോൾ.. വെള്ളമടിക്കാതെ തന്നെ ജന്മനാ ഫിറ്റ്‌ ആയതോണ്ട് സ്വപ്നമാണോ സത്യമാണോന്ന് അന്വേഷിക്കാൻ നിക്കണ്ട.. ??

Photo Courtsey: നോം തന്നെ.. രണ്ടൂന്ന് കൊല്ലത്തെ പഴക്കണ്ട്.. കാശിയെ പറ്റി എഴുതുമ്പോ വേറൊന്നും ചേരൂല്ല.. അതോണ്ടാ വഴക്ക് കേൾക്കുംന്നറിഞ്ഞിട്ടും പോസ്റ്റീത്.. ജാമ്യത്തിന് വാട്ടർമാർക്ക്ണ്ട്.. ???