തമിഴ്

തമിഴ്

യാത്രകളുടെ രണ്ടാം പർവ്വത്തിൻ്റെ തുടക്കം തഞ്ചാവൂർ നിന്നാകട്ടെ എന്നാണു വിധിനിശ്ചയം.. ശേഷം വീണ്ടും വാരാണസി.. പിന്നീട് ഹരിദ്വാർ, ഋഷികേശ് എന്നൊക്കെയാണ് ആഗ്രഹം.. സാധ്യമെങ്കിൽ ബദരീനാഥ്‌, കേദാർനാഥ് എന്നിവിടങ്ങളും സന്ദർശിക്കണമെന്നുണ്ട്, എത്രകണ്ട് സാധിക്കുമെന്ന് നിശ്ചയമില്ല.. എന്നാൽ തുടക്കം എന്തുകൊണ്ട് തഞ്ചാവൂർ എന്നുവെച്ചാൽ പണ്ട് സുഹൃത്തിനൊപ്പം പോകാൻ പ്ലാൻ ഇട്ട സ്ഥലവും ഇന്ന് ആള് കൂടെയില്ലാത്തതുകൊണ്ട് “ഞാൻ തഞ്ചാവൂർ പോയല്ലോ” എന്ന് വീമ്പിളക്കാനും വേണ്ടി എന്നതാണ് വാസ്തവം.. പക്ഷെ ഞങ്ങൾ എന്തുകൊണ്ട് അവിടെ പോകാൻ മുമ്പ് പ്ലാൻ ചെയ്തു എന്നതിന് ഞങ്ങളുടെ ജീവിതത്തിലെ ഒരു പഴയ തമിഴ് കണക്ഷൻ എന്നത് മാത്രമാണ് മറുപടി..

കാശു തരാമെന്നു പറഞ്ഞാൽ പോലും തമിഴ് സിനിമ കാണാത്ത, ഇനി കാണുന്നെങ്കിൽ വിക്രമിൻ്റെ സിനിമകൾ മാത്രമേ കാണുള്ളൂ എന്ന് നിർബന്ധമുള്ള, തമിഴന്മാരെ തീരെ അടുപ്പിക്കാത്ത എനിക്ക് പക്ഷെ തമിഴിനോട് പണ്ടേ ഇഷ്ടമായിരുന്നു. അന്യഭാഷാ സിനിമ കാണുമ്പോൾ ബ്രെയിൻ കൂടുതൽ വർക്ക് ചെയ്യേണ്ടിവരും എന്ന് മുട്ടുന്യായം പറഞ്ഞു കൂട്ടുകാർക്കിടയിൽ നിന്ന് തമിഴ് സിനിമ കാണാതെ തടിതപ്പാറുള്ള ഭൂലോക മടിച്ചിയായ ഞാൻ പ്ലസ് ടു പരീക്ഷ കഴിഞ്ഞുള്ള സമയങ്ങളിൽ തമിഴ് അക്ഷരമാല പഠിക്കാൻ വേണ്ടി കഷ്ടപ്പെട്ടു സമയം ചിലവിട്ടതോർക്കുമ്പോൾ ഇന്നും അത്ഭുതമാണ് (ജഗതി പഠിച്ച അണ്ണൻ തമ്പി തമിഴല്ല മക്കളെ..)അങ്ങനെ തമിഴ് കുറെയൊക്കെ എഴുതാനും വായിക്കാനും അറിയാമെങ്കിലും തമിഴ് സാഹിത്യത്തിലേക്ക് ഇന്നും എൻ്റെ വായനാശീലം എത്തിച്ചേരാൻ മടിക്കുന്നത് പഴക്കമില്ലാത്തതുകൊണ്ടുതന്നെയാണ്.. എന്നാൽ വര്ഷങ്ങളായി ബാംഗ്ലൂർ താമസിച്ചിട്ടും കന്നഡയോട് ഒരിക്കലും എനിക്കാ അടുപ്പം കിട്ടിയിട്ടില്ല എന്നതും മറ്റൊരു വാസ്തവമാണ്.. ഒരുപക്ഷെ എൻ്റെ കർമ്മകാണ്ഡം തമിഴ്‌നാട്ടിലായിരുന്നെങ്കിൽ ഇന്നെൻ്റെ പുസ്തകശേഖരത്തിൽ അവയിൽ ചിലത് കണ്ടേനെ..

സ്കൂൾജീവിതത്തിനിപ്പുറം കാലങ്ങൾക്കു ശേഷം ഒരിക്കൽ ഒരു സാമിയാരെ കണ്ടു എൻ്റെ ഓല വായിപ്പിക്കാൻ പോയിട്ട്ണ്ട് ഞാൻ.. ശരിയാണോ തെറ്റാണോ എന്നൊന്നും അറിയില്ലെങ്കിലും വെറുതെ ഒരു കൗതുകം.. പിന്നെ ഇമ്മടെ ഒരു സ്വഭാവം വെച്ച് ഈ ലോകത്തില് കാലങ്ങളായി വന്നുപോക്കുണ്ടെന്നു നൂറു ശതമാനവും ഉറപ്പുള്ളതുകൊണ്ട് ഓല കിട്ടുമെന്ന കാര്യത്തിലും സംശയമുണ്ടായിരുന്നില്ല.. പുള്ളിടെ കയ്യിലുള്ള ഒരുവിധപ്പെട്ട ഓലയൊക്കെ തീർന്നു. അവസാനം ഉള്ളതിൽ ഏതാണ്ടൊക്കെ മാച്ച് ആയി വന്നു. ഇതൊക്കെ എത്രകണ്ട് നിജപ്പെടുത്താൻ സാധിക്കുമെന്ന കാര്യത്തിൽ ഇന്നും സംശയമുണ്ടെങ്കിലും രസകരമായ ചിലതാണ് ഞാൻ കേട്ടത്..

മീനാക്ഷി എന്നായിരുന്നത്രെ പേര്, സ്ഥലം മധുര, അപ്പൻറേം അമ്മേടേം പേരുകളും ഏതാണ്ട് ഈ ഒരു സ്റ്റൈലിൽ തന്നെ.. ചില്ലറക്കാരിയായിരുന്നില്ലത്രേ, അന്ത കാലത്തെ കളക്ടർ ആയിരുന്നെന്നാ പുള്ളി പറഞ്ഞത്.. അന്ത കാലത്ത് കളക്ടർ ആവണമെങ്കിൽ അത്രയും നുമ്മ വായിച്ചും പഠിച്ചും കാണുമല്ലോ, യേത്.. അപ്പോ അതുതാൻടാ ഒരാഴ്ച കൊണ്ട് തമിഴ് എഴുതാൻ പഠിച്ചേൻ്റെ ഒരു ഹിക്ക്മത്ത്.. പിന്നെയും കേട്ടു എൻ്റെ തമിഴ് സ്നേഹവുമായി ബന്ധമുള്ള രീതിയിൽ ചില നാഗവല്ലി സ്റ്റൈൽ നിറം പിടിപ്പിച്ച കഥകൾ.. എന്തായാലും കഥ കേൾക്കാൻ പോയ ഞാൻ അവിടെന്നു ഇറങ്ങിവന്നത് മീനാക്ഷി ആയിട്ടല്ല, ഞാനായിത്തന്നെയാണ് എന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ.. കാരണം, പുടവയുടുത്ത് കണ്ണെഴുതി പൊട്ടുതൊട്ടു പൂചൂടി അതിരാവിലെ കോലം വരയ്ക്കുന്ന ഒരു തമിഴ് പെൺകൊടി പണ്ടുമുതലേ ഉള്ളിൽ ഉണ്ടായിരുന്നുവെങ്കിലും അവളൊരിക്കലും പുറത്തുവരാൻ ആഗ്രഹിച്ചില്ല എന്നെനിക്ക് നന്നായറിയാം. ഞാൻ എൻ്റെ കൂറക്കോലത്തിൽ തന്നെ അന്നും ഇന്നും ഊരുചുറ്റുന്നു..

അപ്പോൾ ഇന്ന് സന്ധ്യ മുതൽ എൻ്റെ യാത്രകളുടെ രണ്ടാം പർവ്വം ആരംഭിക്കുന്നതിനാൽ ഇവിടെ വല്ലപ്പോഴും വന്നുപോകും എന്നല്ലാതെ കഴിഞ്ഞ ഒരു മാസത്തെ പോലെ സ്ഥിരം ചർച്ചകൾക്കായി ഞാനുണ്ടാവില്ല.. എഴുതിയിടാൻ മാത്രം അനുഭവങ്ങൾ വല്ലതും ഉണ്ടായാൽ തീർച്ചയായും പങ്കുവെക്കുന്നതാണ്.. ഒരു വ്യക്തി എന്ന നിലയിൽ ഈയുള്ളവൾ കടന്നുപോയിട്ടുള്ളതിൽ വെച്ച് ഏറ്റവും തീക്ഷണതയേറിയ അനുഭവത്തിലൂടെ കടന്നുപോയിട്ട് ഇന്നലത്തേക്ക് അഞ്ചു മാസം കഴിഞ്ഞിരിക്കുന്നു.. അങ്ങനെ ഇന്നലെ എന്നതിനെ സൗകര്യപൂർവം എൻ്റെ ഭാണ്ഡത്തിലൊതുക്കി ഇന്നിതാ ഞാൻ എൻ്റെ യാത്രകൾ പുനരാരംഭിക്കുകയാണ്..

ശംഭോ മഹാദേവ !!