? വിചാരിച്ചിരിക്കാതെ ഒരു സായന്തനത്തിൽ എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നവൾ.. ?
തലേന്ന് സുഹൃത്തിന്റെ കൂടെ നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് അവസാന നിമിഷം വരെയും ക്യാൻസൽ ചെയ്യാതെ വെച്ചത് പോകണം എന്ന തോന്നൽ ശക്തമായതുകൊണ്ടും പോകേണ്ട ആവശ്യം ഉള്ളതുകൊണ്ടും ലഗേജ് കുറച്ചധികം ഉള്ളതുകൊണ്ടും ആയിരുന്നു.. പക്ഷെ മനസ്സ് പായുന്നിടത്തു ശരീരം പോകാൻ സമ്മതിക്കാത്തതിനാൽ ഞാൻ വരുന്നില്ലെന്ന് പറഞ്ഞു സുഹൃത്തിനെ തനിച്ചു വിടുകയാണുണ്ടായത്..
പിറ്റേന്ന് രാവിലെ മടിപിടിച്ചു സോഫയിലിരുന്നു കാപ്പി കുടിക്കുമ്പോൾ മനസ്സിൽ വന്ന ചിന്ത.. സഹോദരനോടൊത്ത് അയാളുടെ കയ്യിലിരിക്കുന്ന അവളെ ഞാനാദ്യം ഫോട്ടോയിൽ കാണുമ്പോൾ ചോദിച്ചത് മനസ്സിൽ പണ്ടേ ചിന്തിച്ചൊരു ചോദ്യമായിരുന്നു.. എന്താണ് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം.. എന്തുകൊണ്ടാണ് നിങ്ങൾ ഇപ്രകാരം വിലയിടുന്നത്.. അയാൾ പറഞ്ഞ മറുപടി ഇത്രേയുള്ളൂ.. ഒരു ശരാശരി ഇന്ത്യക്കാരന്റെ മാനസികവ്യാപാരം തന്നെ.. ആണായാൽ അത്യുത്തമം, പെണ്ണെന്നും രണ്ടാമത്.. പക്ഷെ പെണ്ണ് തരുന്ന സ്നേഹം ഒരിക്കലും ആണിൽ നിന്ന് പ്രതീക്ഷിക്കരുത്, പ്രായപൂർത്തി എത്തിയാൽ അവൻ താൻപോരിമക്കാരനാകുമ്പോൾ അവൾ പഴയപോലെ തന്നെ കാണുമെന്നയാൾ പറഞ്ഞു..
ആൺകുട്ടിയെ ആണോ പെൺകുട്ടിയെ ആണോ ഇഷ്ടമെന്ന് ചോദിച്ചാൽ എന്തുകൊണ്ടോ പെണ്ണിനെ ആണ് ഇഷ്ടമെന്ന് ഞാൻ പറയും.. പെൺകുട്ടി.. അവൾ എന്നും കുട്ടിയായിരിക്കും.. എല്ലാ ജീവജാലങ്ങൾക്കും അങ്ങനെയാണോ ? അറിയില്ല.. അവയുടെ ഭാഷ മനസിലാക്കിയാൽ ഒരുപക്ഷെ അറിയാൻ സാധിക്കുമായിരിക്കും അല്ലെ ?? അറിയണം, മനുഷ്യനല്ലാത്ത ഒന്നിനെ.. അതിലൂടെ പ്രപഞ്ചത്തെ.. കൂടുതൽ ചിന്തിക്കാതെ അന്നൊരു തീരുമാനമെടുത്തു.. ക്യാൻസൽ ചെയ്ത യാത്ര തരുമായിരുന്ന “ഒളിച്ചോടൽ” എന്ന സമാധാനത്തിനുമപ്പുറം മറ്റൊരുത്തരവാദിത്തം സ്വയം ഏറ്റെടുത്തു..
അതെ, വിചാരിച്ചിരിക്കാതെ ആ സായന്തനത്തിൽ എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നവളാണവൾ..
തീരെ ചെറിയ കുഞ്ഞായിരുന്നു.. പ്രായം വെറും മുപ്പത്തഞ്ചു നാൾ മാത്രം.. അന്ന് ഉച്ചവരെയും പെറ്റമ്മയുടെ കൂടെ കിടന്ന് പാലുകുടിച്ചവളെ വേർപ്പെടുത്തി കൊണ്ടുവന്നതിനാൽ രണ്ടു നാൾ നിങ്ങളെ ഉറക്കില്ലെന്നയാൾ പറഞ്ഞു.. അവളെ അടർത്തിമാറ്റി കൊണ്ടുവന്നതാണ് എന്ന സത്യം ആദ്യം വേദനിപ്പിച്ചെങ്കിലും അവൾക്കിന്നു മുതൽ ഞാനാണ് അമ്മയുടെ സ്ഥാനത്തെന്നും അവളൊരിക്കലും അവളുടെ പെറ്റമ്മയെ നഷ്ടപ്പെട്ടത് അറിയരുതെന്ന നിർബന്ധവും എന്തുകൊണ്ടോ ഉള്ളിൽ ഉറവെടുത്തു.. അവളെ ഞാൻ മകളായി ഏറ്റുവാങ്ങി.. എല്ലാവരും മനുഷ്യരുടെ പേരിടുമ്പോൾ ഞാനവൾക്ക് താരാദേവിയുടെ ടിബറ്റൻ നാമം കൽപ്പിച്ചുനൽകി..
അതെ, അന്നുമുതൽ എൻ്റെ കയ്യിൽ കിടന്നവൾ വളർന്നു.. ആദ്യ ദിവസങ്ങളിൽ കൂടെ കിടത്തി ഉറക്കിയപ്പോൾ, രാത്രിയിൽ പലപ്പോഴും പെറ്റമ്മയെന്ന് കരുതി അവളെന്നെ പരതിയപ്പോൾ, എൻ്റെ ദേഹത്ത് വലിഞ്ഞുകേറാൻ ശ്രമിച്ചപ്പോൾ, കൊടുത്ത സ്നേഹത്തിന്റെ ചൂടും പറ്റി എൻ്റെ കൈത്തണ്ടയിൽ തലവെച്ചവൾ സുഖമായി ഉറങ്ങുമ്പോൾ.. തനിക്ക് നഷ്ടപ്പെട്ടതൊന്നും അവളെ ബാധിച്ചിട്ടില്ലെന്ന കാര്യത്തിൽ ഒരുപാട് സന്തോഷം തോന്നി..
കാലും കയ്യും വളരുന്നതുനോക്കി, ഊട്ടിയുറക്കി ഞാനവളെ ഇന്നും പാലിക്കുന്നു.. രാത്രി ഞാനുറങ്ങാൻ കിടന്നാൽ താഴെ അവളും ഉറങ്ങുന്നു.. ഞാൻ എണീക്കുമ്പോൾ ഉണരുന്നു.. എന്റെ കൂടെ സദാസമയവും നടക്കുന്നു.. വിളിക്കുമ്പോൾ എവിടെയാണെങ്കിലും എന്ത് ചെയുകയാണെങ്കിലും ഓടിയെത്തുന്നു.. രണ്ടു മണിക്കൂർ പിരിഞ്ഞിരുന്നാലും ഞാൻ തിരിച്ചെത്തുമ്പോൾ കഴിക്കുന്ന ഭക്ഷണം പോലും മതിയാക്കി കുട്ടികളെപ്പോലെ രണ്ടു കാലിൽ നിന്ന് കെട്ടിപ്പിടിക്കുന്നു.. ഉച്ചയുറക്കം വേണമെന്ന് തോന്നുന്ന ദിവസങ്ങളിൽ വെറും നിലത്ത് ഞാൻ തലയണ വെക്കുമ്പോൾ അവളെക്കൂടി കൂടെ ചേർക്കാനാണെന്നു മനസിലാകുന്ന പ്രായമെത്തിയിരിക്കുന്നു..
ഇത് വായിക്കാൻ സാധിക്കില്ലെങ്കിലും അവളെനിക്ക് മകളാണ് എന്ന സത്യം അവൾ തന്നെ അനുഭവിച്ചറിഞ്ഞതാണ്.. അവൾ പാലിക്കപ്പെടുന്നത് കണ്ടവരെല്ലാം തന്നെ അവളായി പിറക്കാനും വേണം ഒരു ഭാഗ്യം എന്ന് പറഞ്ഞു ചിരിക്കുമ്പോൾ, സുഹൃത്തുക്കളെല്ലാം എന്നെ അന്വേഷിക്കുന്നതിനേക്കാൾ കാര്യമായി അവളെ അന്വേഷിക്കുമ്പോൾ, സ്നേഹത്തോടെ അവൾക്കു ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് നിർദേശിക്കുമ്പോൾ.. അപ്പഴൊക്കെ എനിക്ക് നിറഞ്ഞ സന്തോഷമാണ്.. എത്ര വളർന്നാലും എനിക്കെന്നും അവൾ കുട്ടി തന്നെയാണ്.. കുറുമ്പ് കാട്ടുമ്പോൾ “പോട്ടെ, അവൾ കുട്ടിയല്ലേ” എന്ന് പറയുന്നതും ഇന്നെനിക്കൊരു ശീലമായി തുടങ്ങിയിരിക്കുന്നു..
? കൂട്ടത്തിൽ ഒന്നുകൂടി പറയട്ടെ.. പെണ്ണായിപ്പിറന്നാൽ മണ്ണായിത്തീരുവോളം കണ്ണീരു കുടിക്കേണം എന്ന കവിഭാവനയോട് ഇന്നുമെനിക്ക് യോജിക്കാൻ സാധിക്കില്ല.. പെണ്ണിന്റെ ജന്മം മണ്ണിൽ ഏറ്റവും ഉൽകൃഷ്ടമാണ് എന്നറിയാത്തവർ മാത്രമേ അപ്രകാരം കണ്ണീരുമായി ജീവിക്കൂ.. എന്നും കുട്ടിയായിരിക്കുക എന്നത് പെണ്ണിന് മാത്രം സാധിക്കുന്ന ഒന്നാണ്.. ഈ പ്രായത്തിലും എനിക്കെന്റെ അച്ഛനോടും അമ്മയോടും കൊഞ്ചലോടെ സംസാരിക്കാൻ സാധിക്കുമ്പോൾ ആണായിപ്പിറന്ന ഒരുവന് ഒരിക്കലും അത് സാധിക്കില്ല.. കുട്ടികളെ ജനിപ്പിച്ചാലും കുട്ടിയായിരിക്കാൻ കഴിയുന്ന ഭാഗ്യം പെണ്ണിന് മാത്രം സ്വന്തം.. സൃഷ്ടിയുടെ നൈരന്തര്യവും അവളിലൂടെ മാത്രം സാധ്യം..?