ബാംഗ്ലൂർ നിന്നാണ് ഞാൻ ഒട്ടുമിക്ക സിനിമകളും കാണാറുള്ളത്.. നമ്മുടെ ദേശീയഗാനം സിനിമാ തീയേറ്ററുകളിൽ കേൾപ്പിക്കുക, കേൾക്കുന്നവർ അത് കഴിയുന്നവരെ എണീറ്റ് നിൽക്കുക എന്ന പതിവ് തുടങ്ങീട്ട് കുറച്ചു കാലമായി.. കേരളത്തെ കുറെ കാലമായി ഞാൻ ഭാരതത്തിന്റെ ഭാഗമായി കൂട്ടാറില്ല.. അതുകൊണ്ടുതന്നെ കേരളത്തിൽ എന്തുകൊണ്ട് ഈ സുപ്രീം കോടതി വിധി നടപ്പാക്കപ്പെടുന്നില്ല എന്ന വിഷയം അവിടെ നിൽക്കട്ടെ..
കേരളത്തിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ജനങ്ങൾക്ക് ദേശീയഗാനത്തോട് ലേശം മമതയൊക്കെ ഉണ്ട്, ചെറിയ കുട്ടികൾ പോലും അത് പാലിക്കുന്നുമുണ്ട്.. താഷ്കെന്റ് ഫയൽസ് കാണാൻ പോയപ്പോൾ സിനിമാതീയേറ്ററിൽ കണ്ടതൊക്കെ കണ്ണട വെച്ച ബുദ്ധിജീവികളെയും രാഷ്ട്രതന്ത്രതൽപരരായ മധ്യവയസ്കരെയും ആയിരുന്നു. അത് കൂടാതെ സിനിമാ തിയേറ്ററിൽ കേൾപ്പിച്ച ദേശീയ ഗാനം ഏറ്റുപാടാൻ മടി കാണിക്കാത്ത ഒരു കൂട്ടം ജനങ്ങളായിരുന്നു അന്നവിടെ ഉണ്ടായിരുന്നത് എന്നത് ഏറെ സന്തോഷം ജനിപ്പിക്കുന്ന കാര്യമായിരുന്നു..
എന്നാൽ, സ്കൂളുകൾ പോലെയുള്ള പവിത്രമായ സ്ഥലങ്ങളിലും സർക്കാരിന്റെ ഔദ്യോഗികമായ ചടങ്ങുകളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും മാത്രമായി ഒതുക്കേണ്ടതാണ് നമ്മുടെ ദേശീയഗാനം എന്നാണു ഈയുള്ളവൾക്ക് തോന്നിയിട്ടുള്ളത്. ഒന്നോർത്താൽ നമ്മുടെ ഭാരതത്തിന്റെ ദേശീയപതാക ഇത്രകണ്ട് ബഹുമാനിക്കപ്പെടുന്നത് എന്തുകൊണ്ട് എന്ന് ചിന്തിച്ചാൽ തന്നെ അത് മനസിലാകും.
സ്വാതന്ത്ര്യ ദിനം പോലുള്ള വിശിഷ്ടാവസരങ്ങളിൽ മാത്രം ഒരു നിശ്ചിത സമയത്തുയർത്തി നിശ്ചിത സമയത്തു താഴ്ത്തി അതിന്റെ പവിത്രത അങ്ങേയറ്റം വരെ പരിപാലിക്കപ്പെടുന്നു. അതേസമയം, അമേരിക്കയുടെ ദേശീയ പതാക ആളുകൾ എവിടെയൊക്കെ ആമുദ്രണം ചെയുന്നു എന്നത് നമുക്ക് നന്നായി അറിയാവുന്നതാണ്.
അപ്പോൾ പറഞ്ഞുവന്നത്, നമ്മുടെ ദേശീയപതാകയ്ക്ക് കൊടുക്കുന്ന വില എപ്രകാരമാണോ അതുപോലെ തന്നെ ആകേണ്ടതല്ലേ നമ്മുടെ ദേശീയ ഗാനവും ?? അല്ലാതെ ഏതു കോടതിവിധിയുടെ പുറത്തായാലും സിനിമാതിയേറ്റർ പോലുള്ള പൊതുസ്ഥലങ്ങളിൽ പാടിക്കേൾപ്പിച്ചു ഉണ്ടാക്കേണ്ട ഒന്നാണ് ദേശീയത എന്ന വാദത്തോട് എനിക്ക് ഒട്ടും യോജിക്കാനാവില്ല.
വാൽക്കഷ്ണം : കേരളത്തിൽ ഈ വിധി പാലിക്കപ്പെടാത്തത് മേൽപ്പറഞ്ഞ കാരണം കൊണ്ടല്ല, പ്രബുദ്ധതയും മതേതരത്വവും സമം ചേർത്തുണ്ടാക്കിയ ദേശവിരുദ്ധത കൊണ്ടുതന്നെയാണെന്നതിൽ യാതൊരു തർക്കവുമില്ല.