ആദ്യമേ തന്നെ വളരെ ചുരുക്കി രണ്ടു കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ..
(അത് കേട്ട് വായിക്കേണ്ടവർക്കു വായിക്കാം, തള്ളേണ്ടവർക്കു തള്ളാം.. രാഷ്ട്രീയാടിസ്ഥാനത്തിലുള്ള പൊങ്കാലകളും കയ്യടികളും പോസ്റ്റിൽ നിരോധിച്ചിരിക്കുന്നു..)
1. മോദി സർക്കാർ അധികാരത്തിൽ ഉള്ളതുകൊണ്ട് മാത്രം പുറത്തിറങ്ങാൻ അനുവദിക്കപ്പെട്ട സിനിമ
2 .കേരളത്തിൽ പ്രദർശിപ്പിക്കാൻ ഒട്ടും സാധ്യതയില്ലാത്ത സിനിമ
ഇനി വിശദമായി പറഞ്ഞുതുടങ്ങാം..
താഷ്കെന്റ് കരാർ ഒപ്പിട്ടതിനു ശേഷമുള്ള 12 മണിക്കൂറിനുള്ളിൽ ഭാരതത്തിന്റെ രണ്ടാം പ്രധാനമന്ത്രി ആയിരുന്ന ലാൽ ബഹദൂർ ശാസ്ത്രി മരിച്ചതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയുടെ ചുരുളഴിക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട ഒരു സത്യാന്വേഷിയായ പത്രപ്രവർത്തകയുടെ യാത്രകളിലൂടെയാണ് സിനിമ കടന്നുപോകുന്നത്.. സ്വതന്ത്ര ഭാരതത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രി ആയിട്ടും അദ്ദേഹത്തിന്റെ ജീവിതത്തിനോ മരണത്തിനോ വേണ്ടത്ര പ്രാധാന്യം ഇവിടെ ലഭിച്ചില്ല എന്നത് അത്യധികം ചിന്തനീയമായ വിഷയം തന്നെയാണ്..
ശാസ്ത്രിജിയുടെ മരണത്തിനു പിന്നിലുള്ള നിഗൂഢലക്ഷ്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു ആത്യന്തികമായി സംവിധായകന്റെ ഉദ്ദേശം.. അതിനു ശേഷമുള്ള പത്തു വർഷങ്ങൾ ഭാരതം വീണ്ടും കോളനിവൽക്കരിക്കപ്പെടുകയായിരുന്നു എന്ന സത്യം.. ഇന്ത്യൻ ഭരണഘടനയുടെ മഹാശില്പിയായ അംബേദ്കറിനെ പോലും തഴഞ്ഞുകൊണ്ട് ഭരണഘടനയുടെ ആമുഖം വരെ തിരുത്തിക്കുറിച്ചു എഴുതിച്ചേർക്കപ്പെട്ട “സോഷ്യലിസ്റ്റ്”, “സെക്കുലർ” എന്ന രണ്ടു വാക്കുകൾക്കു വേണ്ടി ബലിയർപ്പിക്കപ്പെട്ടത് നമ്മുടെ രാഷ്ട്രസുരക്ഷയായിരുന്നു എന്ന സത്യം.. നമ്മുടെ വിദ്യാഭ്യാസം, മീഡിയ, എഴുത്തുകാർ, രാഷ്ട്രീയക്കാർ.. അങ്ങനെ പാർലിമെന്റ് മന്ത്രിമാരടക്കം ഇക്കാലഘട്ടത്തിൽ നമ്മുടെ രാജ്യത്തിൻറെ സുരക്ഷയെ ബലികൊടുത്തു ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർ ആയി മാറിക്കഴിഞ്ഞിരുന്നു എന്ന സത്യം.. ഭാരതം എങ്ങനെ തികഞ്ഞ അഴിമതിയിൽ മുങ്ങിത്താണു എന്നതിന്റെ ചെറിയൊരു രൂപരേഖ തന്നെയാണ് ഈ സിനിമ..
കോടികളുടെ ഒഴുക്കിൽ ഭാരതത്തെ വില്പനച്ചരക്കാക്കിയതിനെ പരിഹസിച്ചു ഇന്ത്യയുടെ നാഷണൽ സെക്യൂരിറ്റിയെ “ഫോർ സെയിൽ” എന്നും നിരോധനാജ്ഞ പുറപ്പെടുവിക്കപ്പെട്ട സമയം ഭാരതത്തെ മറ്റൊരു “ഡിസ്നിലാൻഡ്” എന്നുമൊക്കെ പരിഹസിച്ചുകൊണ്ട് ആ കാലഘട്ടത്തിൽ പാശ്ചാത്യരെഴുതിയ പുസ്തകങ്ങളുടെ റഫറൻസ് വരെ ചൂണ്ടിക്കാണിച്ചിരിക്കുന്നു.. അപ്രകാരം, ശാസ്ത്രിയുടെ മരണം ഭാരതത്തെ നയിച്ചത് തികഞ്ഞ അരാജകത്വത്തിലേക്കായിരുന്നു എന്ന സത്യം ഇന്ത്യൻ യുവത്വത്തിന് മുന്നിൽ അടിവരയിട്ടുറപ്പിക്കുന്ന ഒരു സിനിമ..
അദ്ദേഹത്തിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ പോലും കൃത്യമായി നമ്മുടെ രാജ്യത്തിൻറെ ഒഫീഷ്യൽ രേഖകളിൽ ഇല്ലെന്നത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളിൽ ഒന്നായിരുന്നു.. അതെ ,അദ്ദേഹം താഷ്കെന്റിൽ വെച്ച് മരണമടഞ്ഞു, എന്നാൽ രണ്ടാമതായി, അദ്ദേഹം അർഹിക്കുന്ന അംഗീകാരം നൽകാതെ ഭാരതജനത തന്നെ അദ്ദേഹത്തെ കൊലപ്പെടുത്തി..
ഒക്ടോബർ രണ്ടാം തീയ്യതി ഗാന്ധിയുടെ ജന്മദിനം ആണെന്ന് ഇവിടെ ജനിക്കുന്ന ഓരോ കുട്ടിക്കും അറിയാമെന്നിരിക്കെ, അതെ ദിവസം തന്നെയാണ് ശാസ്ത്രിജിയുടെയും ജന്മദിനം എന്നത് ആരും ഓർക്കാതെ പോയതെന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരമായി സിനിമയിൽ തന്നെയുള്ള ഒരു ഡയലോഗ് പറഞ്ഞവസാനിപ്പിക്കാം – “ഇത് ഗാന്ധിയുടെയും നെഹ്റുവിന്റെയും നാടാണ്”.. അതെ, അതങ്ങനെയാക്കിത്തീർത്തു.. പക്ഷെ ഇവിടെ പിറന്നു വളർന്നു ജീവിച്ചു മരിക്കുന്ന ഓരോ പൗരനുമുള്ള മൗലികമായ അവകാശമാണ് സത്യം.. The Right to Truth.. അത് ഇന്നത്തെ യുവത്വം മറക്കാതിരിക്കട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട് നിർത്തുന്നു..
ജയ്ഹിന്ദ്..!!
പിൻകുറിപ്പ് : ഭാരതത്തിലെ ഒരു സാധാരണ പൗരൻ എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് സിനിമാരൂപത്തിൽ പറഞ്ഞ സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്..
~Anjali Vishnupriya