കേരളം ഭ്രാന്താലയമാണെന്ന വിവേകാനന്ദവചനത്തിനു ഇന്നൊരു പ്രവചനത്തിന്റെ സ്വഭാവം കൈവന്നിരിക്കുന്നു എന്നത് നിസ്സംശയം പറയാം.. !!
ഇവിടെ, ചെകുത്താന്റെ സ്വന്തം നാട്ടിൽ, യഥാർത്ഥത്തിൽ മതങ്ങളെ ചൊല്ലി വേർതിരിവുണ്ടായത് ആർക്കാണ് എന്ന് വേദനയോടെ മനസിലാക്കിയ ദിവസം.. 4 വർഷം ഒരേ ഹോസ്റ്റൽ മുറിയിൽ ഉണ്ടും ഉറങ്ങിയും കഴിഞ്ഞ, എന്റെ കിടക്കയോട് തൊട്ടടുത്ത് പായിട്ടു നിസ്കരിച്ചിരുന്ന പഴയ സുഹൃത്തിനോട് നാട്ടിലെ ഹോസ്പിറ്റലിൽ ഉള്ള ഡോക്ടർമാർ ആരൊക്കെയാണെന്ന് അന്വേഷിച്ചപ്പോൾ.. ഞാൻ കൺസൾട് ചെയുന്നത് ഇന്ന ഡോക്ടറെ ആണ്, ഇനി നിനക്ക് വേണെങ്കിൽ ഹിന്ദു ഡോക്ടർമാരും ഉണ്ട് ട്ടോ എന്നവൾ പറഞ്ഞപ്പോൾ..
കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ക്രിസ്ത്യൻ ഡോക്ടറും മുസ്ലിമിന് മുസ്ലിം ഡോക്ടറും എന്നൊക്കെ ആയ സ്ഥിതിക്ക് ഇനി ചോരക്കും അവയവങ്ങൾക്കും ഒക്കെ ജാതിയും മതവും വരുമായിരിക്കും ല്ലേ ?? അന്നുവരെ സ്നേഹത്തോടെ മാത്രം ഞാൻ ഓർത്തിരുന്ന ആ സുഹൃത്തിന് ആ ദിവസത്തിന് ശേഷം എന്റെ മനസ്സിൽ ഉള്ള മുഖം എന്തായിരിക്കും ?? പൂർണഗർഭിണിയായ അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ സ്വഭാവം എപ്രകാരമായിരിക്കും ?
ഇങ്ങനെയൊക്കെയാണ് ഞങ്ങളിൽ പലരും വർഗീയവാദികളാകുന്നത് എന്ന് പറഞ്ഞാൽ അത് തെറ്റാണ്.. കാരണം പ്രിയപ്പെട്ട സഹോദരങ്ങളെ, ഞങ്ങൾ പോലുമറിയാതെ ഞങ്ങളെ വർഗീയവാദികളാക്കി മുദ്രകുത്തുന്നത് നിങ്ങളാണ് എന്നതാണ് വാസ്തവം..
മതമൈത്രി കാണണമെങ്കിൽ നിങ്ങൾ വാരാണസിയിലേക്ക് പോകൂ എന്ന് ഞാൻ പറയും.. വൈകുന്നേരം ആയാൽ ഭാര്യയെയും മക്കളെയും കൊണ്ട് ദശാശ്വമേധ ഘട്ടിൽ സന്തോഷത്തോടെ സമയം ചെലവിടുന്ന മുസ്ലിം സഹോദരങ്ങളെ നിങ്ങള്ക്ക് കാണാനാകും.. ചെരുപ്പൂരി വെച്ച് മാത്രമേ ഗംഗയെ സ്പർശിക്കാവൂ എന്നത് നിഷ്ഠയോടെ പാലിക്കുന്ന ഇതര മതസ്ഥരെ കാണാനാകും.. ശിരോവസ്ത്രവുമണിഞ്ഞു ഗംഗാ മയ്യായുടെ ആരതി കാണാൻ നിൽക്കുന്നവരെ കാണാനാകും.. ഗംഗയിലെ മീനുകളെ ഊട്ടുന്ന നിഷ്കളങ്ക ബാല്യങ്ങളെ കാണാനാകും..
മുലപ്പാലിൽ പോലും വർഗീയവിഷം കലർത്തി, കൂട്ടുകാരോടൊപ്പം കളിക്കുകയും മറ്റു സംസ്കാരങ്ങളെ അറിയുകയും മനസിലാക്കുകയും ചെയ്യേണ്ട പ്രായത്തിൽ കുഞ്ഞു തലച്ചോറുകളിൽ മതം കുത്തിനിറച്ചു സദാസമയവും വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യവുമോതി പ്രബുദ്ധ കേരളം ഇനിയും ഇനിയും മുന്നോട്ട് !!
അതെ.. ഇവിടൊരു വിപ്ലവം അനിവാര്യമാണ്..പക്ഷെ ആ വിപ്ലവം നയിക്കേണ്ടത് മതമല്ല, മേധയാണ്.. വന്ദേ മാതരം !!