ഫനാ (fanaa)

ഫനാ (fanaa)

വലിയൊരു സൂഫി തത്ത്വമാകുന്നു ഫനാ (fanaa)അഥവാ സമർപ്പണം.

ഈശ്വരനെ തങ്ങളുടെ പ്രേമഭാജനമായി കാണുന്ന സൂഫികൾ അവനോടുള്ള ആ അചഞ്ചല പ്രേമത്തെ ഇഷ്ഖ് (Ishq) എന്നു വിശേഷിപ്പിക്കുന്നു. ആ പ്രേമത്തെ സാക്ഷാത്കരിക്കാൻ അവർ സ്വയം സമർപ്പിക്കുന്നു. സ്വയം സമർപ്പണത്തിൽ അഹം എരിഞ്ഞടങ്ങി ബോധത്തിന്റെ ദിവ്യപ്രകാശം തെളിയുന്നു. ഞാൻ എന്ന അസ്തിത്വത്തെ സ്വന്തം പ്രേമത്തിനു വേണ്ടി സമർപ്പിക്കുന്നതു തന്നെയാണ് പ്രണയത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ മതം.

സമർപ്പണത്തിൽ അധിഷ്ഠിതമായ പ്രണയത്തിൽ നിയമങ്ങളില്ല, നിർബന്ധങ്ങളില്ല, നിബന്ധനകളില്ല, കൊടുക്കൽ വാങ്ങലുകളില്ല,
നിറവേറ്റപ്പെടേണ്ടതായ ആഗ്രഹങ്ങളില്ല, അതു കൊണ്ടു തന്നെ ദുഃഖങ്ങളും ഇല്ല. ഉള്ളതൊന്നു മാത്രം – അവനോടുള്ള നിത്യ നിരന്തരമായ പ്രണയവും അവനിൽ നിന്ന് തിരിച്ചു പ്രവഹിക്കുന്ന അനുസ്യൂതവും അനർഗളവുമായ പ്രേമ ധാരയും. അതു മാത്രമാകുന്നു ബന്ധം, യാതൊരു ബന്ധനങ്ങളുമില്ലാത്ത ഒരേയൊരു ബന്ധം.

ആ ബന്ധത്തെ സാക്ഷാത്കരിച്ചു തുടങ്ങുമ്പോൾ പ്രപഞ്ച ബോധത്തിന്റെ നൂതനമായ താഴുകൾ ഒരുവനു മുന്നിൽ തുറക്കപ്പെടുന്നു. പിന്നെ ആ അവബോധത്തിലൂടെ അവനിലേയ്ക്കുള്ള യാത്രയാണ്. ആ യാത്രയിൽ തന്നിലും പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളിലും ഒരുപോലെ ജ്വലിക്കുന്ന അവനെ കാണാൻ സാധിക്കുന്നു.

എല്ലാം ഒന്നെന്ന വസുധൈവ കുടുംബക സങ്കൽപ്പം ഉടലെടുക്കുമ്പോൾ താനും അവനും തമ്മിൽ ഭേദമില്ലെന്നറിയുന്നു. അവിടെ പൂർണസമർപ്പണം (ഫനാ) സംഭവിക്കുന്നു. അന്തരംഗത്തിലും അന്തരീക്ഷത്തിലും സാഗരത്തിലും പ്രപഞ്ചത്തിലൊട്ടാകെയും അൻ അൽ ഹഖ് (I am the truth – അഹം ബ്രഹ്മാസ്മി) അലയടിക്കുന്നു. ഒരു പുതിയ പ്രപഞ്ചത്തിന്റെ സൃഷ്ടി അവിടെ സാധ്യമാകുന്നു, അഥവാ പ്രണയം തന്നെ സൃഷ്ടി ആയി ഭവിക്കുന്നു.. ?

Screenshot_2