കൗമാരത്തിന്റെ കൗതുകത്തിൽ മനസിന്റെ നനുത്ത തൂവാലയിലൊപ്പിയെടുത്ത നിറമായിരുന്നു അത്..
സന്ധ്യയുടെ ശോണിമയിൽ കുടമുല്ലപ്പൂവുകളുടെ കിനാക്കളെ തൊട്ടറിയവേ, ഉള്ളിൽ വിരിഞ്ഞ ഭാവത്തിന് പൂന്തേനിന്റെ മാധുര്യം കിനിഞ്ഞിരുന്നു..
കൽപ്പടവുകളിൽ തട്ടി അനർഗളനിർഗളം ഒഴുകിയ ഗാനവീചികളിൽ ആറാടി നിലാവിനെ നോക്കി നിൽക്കവേ, ആദ്യ പ്രണയം വർണ്ണത്തോടോ കവിതയോടോ സ്വരത്തോടോ മുഖത്തോടോ എന്നറിയാതെ പോയി..
വാക്കുകളാൽ നിർവ്വചിക്കാനാവാത്ത സ്വർഗീയാനുഭൂതിയെ മയിൽപ്പീലിത്തുണ്ടുകളാക്കി കാലത്തിന്റെ ചെപ്പിലടച്ചെങ്കിലും മഴക്കാറിൽ മൂടിയ മാനം കാണാൻ അവ കൊതിച്ചു..
മഴയുടെ സുഗന്ധത്തിൽ മതിമറന്നു മനസ്സിന്റെ ശ്രീകോവിലിൽ ആ ശ്യാമവർണ്ണത്തെ ആവാഹിച്ചു നാദമുണർത്തവേ, നഷ്ടപ്പെട്ടത് ജീവിതം തന്നെയായിരുന്നു..
ജീവിതാന്ത്യത്തിൽ ഒരിക്കൽ കൂടി ആ കൽപ്പടവുകൾ കയറിയത് ആഷാഢത്തിൽ ആത്മരാഗങ്ങളെഴുതിയ സ്വരങ്ങൾ കാത്തുനിൽപ്പുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു..
ആ സ്വരധാരയും നിലച്ചതറിഞ്ഞപ്പോൾ കാതുകളിൽ ചൂളം കുത്തിയത് ശ്മശാനതുല്യമായ നിശബ്ദതയും സിരകളിൽ അരിച്ചിറങ്ങിയത് മരണത്തിന്റെ തണുപ്പും ആയിരുന്നോ?
വാർമുകിലേ വാനിൽ നീ വന്നു നിന്നാലോർമ്മകളിൽ ശ്യാമവർണ്ണം.. ❤