സമ്മാനം

സമ്മാനം
കാലം … അതു മാറിക്കൊണ്ടേയിരിക്കും…. വര്‍ഷവസന്തങ്ങളും ശിശിര ഹേമന്തങ്ങളും വന്നു പൊയ്ക്കൊണ്ടിരിക്കും…. കൊഴിഞ്ഞു വീഴുന്ന ഇലകളെ നോക്കി തെക്കിനിയിലെ ജനല്‍പ്പടിയില്‍ ഇരിക്കുമ്പോള്‍ അവള്‍ ആലോചിക്കുകയായിരുന്നു … ഒരു സമ്മാനത്തെ കുറിച്ച് ….
ഓട്ടുരുളിയിലെ അരിമണികള്‍ കൊണ്ട് ഹരിശ്രീ കുറിച്ച ബാല്യകാലം ഓര്‍ത്തു പോയി… ആ അക്ഷരങ്ങളായിരുന്നു പിന്നെ ജീവിതവും ലോകവും എല്ലാം… കാലചക്രം തിരിഞ്ഞപ്പോള്‍ അവ നഷ്ടപ്പെട്ടു പോയതറിഞ്ഞില്ല.. ഒന്നും അറിഞ്ഞില്ല… ജീവിക്കുകയായിരുന്നു… എന്തൊക്കെയോ ലക്ഷ്യങ്ങള്‍ക്കുവേണ്ടി…. എല്ലാം നേടിയെടുക്കാനായുള്ള ഓട്ടത്തില്‍ ഏറ്റവും പ്രിയപ്പെട്ട ചിലത് നഷ്ടപ്പെടുന്നതറിഞ്ഞില്ല….
ഏതോ ഭൂതകാലത്തില്‍ തനിക്കു തന്നെ തന്നെ അന്യമായിരിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ആരോ…. നഷ്ടപ്പെട്ടു പോയ തന്നെ തിരികെ തന്ന ആരോ… ചിരിപ്പിച്ചിട്ടില്ല, സന്തോഷിപ്പിച്ചിട്ടില്ല, സമ്മാനമായി എന്നും തന്നത് കണ്ണുനീര്‍ മാത്രം… പക്ഷെ ആ കണ്ണുനീര്‍ ആയിരുന്നു ചിരി… അതായിരുന്നു സന്തോഷം… കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് എന്നോ നഷ്ടപ്പെട്ട മഞ്ജരികള്‍ തിരിച്ചു തന്നത് ആ കണ്ണുനീരായിരുന്നു.. കൈരളിയെ മറന്നുപോയവള്‍ക്ക് സരസ്വതിയെ തിരിച്ചു തന്നതും ആ കണ്ണുനീരായിരുന്നു…

അക്ഷരം പഠിപ്പിച്ചു തന്നവര്‍ ഗുരു… ഗുരു എന്നാല്‍ ദൈവം.. പക്ഷെ നഷ്ടപ്പെട്ട അക്ഷരങ്ങള്‍ തിരിച്ചു തരാനുള്ള ഹേതു ആയവരോ ? അവര്‍ക്ക് ആരെങ്കിലും വിളിപ്പേര് നല്‍കിയിട്ടുണ്ടോ ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ പ്രഹേളിക.. ഒടുവില്‍ പേരില്ലാത്ത ഒന്നായി അത് നിര്‍വചിക്കപ്പെട്ടു…. കാത്തുസൂക്ഷിക്കപ്പെട്ടു….

തിരിച്ചു കിട്ടിയ അക്ഷരങ്ങള്‍ക്ക് പണ്ടത്തെക്കാള്‍ തെളിമയുണ്ടയിരുന്നോ എന്ന് നിശ്ചയം പോരാ… പക്ഷെ അവയ്ക്ക് കണ്ണുനീരിന്റെ നനവുണ്ടായിരുന്നു…. പാടത്തേക്കു തുറക്കുന്ന ജനലിലൂടെ കടന്നുവരുന്ന പാലക്കാടന്‍ കാറ്റിനും ധനുമാസ നിലാവിനും എന്നോ നഷ്ടപ്പെട്ടു പോയ ഓര്‍മകളുടെ സൌന്ദര്യമുണ്ടായിരുന്നു…. എവിടെയോ പൂക്കുന്ന ഏഴിലംപാലയുടെയും കൈതപ്പൂവിന്റെയും സുഗന്ധമുണ്ടായിരുന്നു…. അമ്മമ്മയുടെ കസവുവേഷ്ടികള്‍ വെച്ചിരിക്കുന്ന പെട്ടിയില്‍ സൂക്ഷിച്ച കൈതയോലക്ക് വേണ്ടി വാശി പിടിച്ചത് ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു….

മഴ പെയ്തു തോര്‍ന്ന രാത്രികളില്‍ ജനാല തുറന്നിട്ട്‌ മിന്നലും നോക്കി ജനല്‍പ്പടിയില്‍ ചാരി നിന്ന് കാതോര്‍ക്കുമ്പോള്‍ തോന്നിയിട്ടുണ്ട് ഈ ലോകത്തിലെ ഏറ്റവും മനോഹരമായ സംഗീതം മഴതുള്ളികളുടെതാണ് എന്ന് .. ഓട്ടുവക്കിലെ അവസാന തുള്ളിയും ഇറ്റു വീണു കഴിഞ്ഞാലുള്ള ഏകാന്തത എന്നും മടുപ്പിച്ചിരുന്നു… സൂര്യന്റെ ആദ്യകിരണം ഭൂമിയില്‍ പതിക്കാനായി കാത്തു കിടക്കുമ്പോള്‍ ഏകാന്തതയില്‍ എന്നും തനിക്കു താരാട്ട് പാടിയത് ദൂരെയുള്ള കടലായിരുന്നു… ഇന്നും ആ കടലിരമ്പം ഓര്‍മിപ്പിക്കുന്നത് നൂറ്റാണ്ടുകള്‍ക്കു മുമ്പെന്ന പോലെയുള്ള ഒരു കാലത്തെയാവാം…. അത് കേള്‍ക്കുമ്പോള്‍ തന്നില്‍ ഉണരുന്നത് പൂര്‍വജന്മ സ്മൃതികള്‍ ആവാം…

കാലം മാറിയപ്പോള്‍ ഇതെല്ലാം വിസ്മൃതിയില്‍ അലിഞ്ഞു പോയി… എന്നോ ആരോ എന്തോ ഓര്‍മിപ്പിച്ചപ്പോള്‍ ഒരു കാലത്തിന്റെ ജീവശ്വാസം തിരിച്ചു കിട്ടി… ഓണനിലാവും വിഷുപ്പക്ഷിയും ഓര്‍മകളില്‍ മറഞ്ഞപ്പോള്‍ അവയ്ക്ക് ജീവന്‍ നല്‍കാനായി തൂലികയെടുക്കേണ്ടി വന്നു… ആ തൂലികക്ക് ജീവന്‍ പകര്‍ന്നു തന്നതും കൈരളിയെ പ്രത്യക്ഷമാക്കിയതും ആരോ ഒരാള്‍… വിളിപ്പേര്‍ ഇല്ലാത്തതുകൊണ്ട് പേരില്ലാത്ത ഒന്നായി അത് നിര്‍വചിക്കപ്പെട്ടു…. കാത്തുസൂക്ഷിക്കപ്പെട്ടു… കാലം വീണ്ടും യാത്ര തുടര്‍ന്നു…

യാത്ര പോകുന്നതിനു മുമ്പായി എന്തെങ്കിലും സമ്മാനം കൊടുക്കണമെന്നു പറഞ്ഞത് ബുദ്ധിയോ മനസ്സോ മനസ്സാക്ഷിയോ… അറിയില്ലായിരുന്നു… പതുക്കെ തൊടിയിലേക്ക്‌ ഇറങ്ങി… തോട്ടുവക്കത്തെ മരത്തിന്മേല്‍ പിണഞ്ഞു കിടക്കുന്ന ഒരു ചെറിയ വള്ളി തപ്പി നടന്നു… കിട്ടിയില്ല… ഒരു മയില്‍പ്പീലിക്കായി നടന്നു… കിട്ടിയില്ല… ഒടുവില്‍ ഏതോ ഒരു കോണില്‍ എന്നോ മറന്നുവെച്ച കുടുക്ക പൊടി തട്ടി എടുത്തു… തേടി നടന്ന വസ്തുക്കളൊക്കെ അതില്‍ ഉണ്ടായിരുന്നു…. കാക്കതൊള്ളായിരം കടക്കാത്ത കുന്നിമണികള്‍ ഒരു പിടി വാരിയെടുത്ത് ചെപ്പില്‍ നിറച്ചു… കുട്ടിക്കാലത്ത് വിളക്കിനു നേരെ കാണിച്ചു ഉരുക്കിയെടുത്തു മാലയാക്കാന്‍ സൂക്ഷിച്ചിരുന്ന കുറച്ചു വളപ്പൊട്ടുകള്‍… ആകാശം കാണാതെ ഇരുട്ടില്‍ കിടന്നിട്ടും പെറ്റു പെരുകാത്ത ഒരു മയില്‍പ്പീലിതുണ്ട്… പിന്നേം കുടുക്കക്കുള്ളില്‍ എന്തോ ഉണ്ടായിരുന്നു… എവിടെയോ പോയപ്പോള്‍ കൌതുകം കൊണ്ട് വാങ്ങിയ ഒരു കുഞ്ഞു ചെപ്പും അതിനുള്ളില്‍ കാലിളക്കുന്ന ഒരു കുഞ്ഞു വണ്ടും…

വില തീരെയില്ലെങ്കിലും വില നിര്‍ണയിക്കാനാവാത്ത , അനേകായിരം കുട്ടിക്കഥകള്‍ ഉറങ്ങിക്കിടക്കുന്ന, വര്‍ഷങ്ങളുടെ ഓര്‍മ്മകള്‍ ഒളിഞ്ഞിരിക്കുന്ന ചില വസ്തുക്കള്‍ അടങ്ങിയ ചെപ്പു കൊണ്ട് യാത്രയായപ്പോള്‍ ഒരു ജന്മത്തെ സമ്പാദ്യം മുഴുവന്‍ സമ്മാനമായി കൊടുത്തു ഏതോ കടം വീട്ടിയ പ്രതീതിയില്‍ മനസ്സ് ശൂന്യമായിരുന്നു….

12 Comments

  1. Nikhil....

    nice da….expecting more

  2. So moral of the story is .. ??

    QN : Aaru aarkku enthu koduthu ??
    Utharam parayunnavarkku … author next kadhayude manuscript gift aayi kodukkunnathaayirikkum !!!

  3. Prasad

    nice one…expecting morw

  4. Nazz

    അവതരണ ശൈലി വളരെ നന്നായിട്ടുണ്ട് …ഇഷ്ടപ്പെട്ടു .. 🙂

  5. നന്നായിട്ടുണ്ട്. പക്ഷേ, ഒരു കവിതയായി എഴുതാമായിരുന്നു ഈ ആശയങ്ങള്‍ എന്ന് വായിച്ചപ്പോള്‍ തോന്നി.

    • കവിതയാക്കാന്‍…. ആധുനിക കവിത അഥവാ “modern poetry” എന്നതിനോട് എനിക്ക് താല്‍പ്പര്യം ഇല്ല… ഒരു കവിതയ്ക്ക് ചെറുതായി ഒരു ഈണം എങ്കിലും വേണം എന്ന പക്ഷക്കാരി ആണു ഞാന്‍… ഒരു വൃത്തത്തില്‍ ഒതുക്കാന്‍ പറ്റുമെന്ന് തോന്നിയില്ല… അതുകൊണ്ടാണു prose ആക്കി എഴുതിയത്… Really thanks for the compliment as well as suggestion… Will try versification next time 🙂

Comments are closed